machel

മലയിൻകീഴ് : കൊവിഡ് 19 മഹാമാരി നേരിടുന്നതിന് സ്വാതന്ത്ര്യസമര സേനാനി 102 വയസുള്ള മച്ചേൽ തോട്ടുപുറത്ത് പി.പരമേശ്വരൻനായർ പെൻഷൻ തുകയിൽ നിന്ന് 5000 രൂപ നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമം അന്വേഷിച്ച് മലയിൻകീഴ് പൊലീസ് എത്തിയപ്പോഴാണ് പരമേശ്വരൻനായർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. വീണ്ടുമൊരു മഹായുദ്ധമാണ് ലോകമാകെ കൊവിഡിലൂടെ നേരിടുന്നതെന്ന് പരമേശ്വരൻനായർ സി.ഐ. അനിൽകുമാറിനോട് പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി ചെയ്തിരുന്നത് ഉപേക്ഷിച്ചാണ് മഹാത്മജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തിൽ പങ്കടുത്തതെന്ന് വിശദീകരിക്കുമ്പോഴും 102-ാം വയസിലും പരമേശ്വരൻനായർക്ക് വീറും വാശിയും ഒട്ടും കുറവില്ല.എസ്.ഐമാരായ സൈജു, രാജേന്ദ്രൻ, ജനമൈത്രി പൊലീസ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ എസ്.എസ്.ഹരീഷ് എന്നിവർ പങ്കെടുത്തു.