നെടുമങ്ങാട്: ലോക്ക് ഡൗൺ പിന്നിടുന്നതോടെ മലനാടിന്റെ നട്ടെല്ലായ റബർ വിപണി കരുത്ത് നേടുമെന്നാണ് കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും പ്രതീക്ഷ. ഉൽപ്പാദനം കുറവുള്ള ഏപ്രിൽ, മെയ് മാസങ്ങളിൽ റബറിനും ഒട്ടുപാലിനും വില കുതിച്ചു കയറുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. റബറിനെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾക്ക് കൊവിഡ് കാലത്തെ തളർച്ചയിൽ നിന്നും കരകയറാനുള്ള ഉപാധിയാവും റബർ വിപണിയിലെ ഉണർവ്. 130 രൂപയ്ക്ക് മുകളിലേക്ക് വില ഉയരാനുള്ള സാദ്ധ്യത നിലനിൽക്കെയാണ് ലോക്ക് ഡൗൺ നിലവിൽ വന്നത്. 125 മുതൽ 130 വരെയാണ് നിലവിലെ വില നിലവാരം. ഇറക്കുമതി തടസപ്പെട്ടതിനാൽ ആഭ്യന്തര വിപണിയിലെ ക്ഷാമം കണക്കിലെടുത്ത് കൂടുതൽ വില നല്കാൻ തയ്യാറായി ടയർ കമ്പനികൾ രംഗത്ത് വന്നതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിലയിടിവും കാലാവസ്ഥ മാറ്റവും കാരണം നേരത്തെ റബർ ഉണക്കി സൂക്ഷിച്ചിട്ടുളള നിരവധി കർഷകർക്ക് പ്രയോജനകരമാണ്‌ ഈ നടപടി. എന്നാൽ നിലവിൽ റബർ ടാപ്പിംഗിന് അനുയോജ്യമായ കാലാവസ്ഥയായതിനാൽ റബർ ഷിറ്റാക്കി ശേഖരിച്ച് വയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ആദിവാസി മേഖലകളിലെയും പ്രധാന വരുമാനമാർഗം റബർ തന്നെ. ഇവിടെയും പട്ടിണിയുടെ പിടിയിലാണ്. ടാപ്പിംഗ് നടക്കാറുണ്ടെങ്കിലും ശമ്പളം ലഭിക്കാറില്ല. ഫലത്തിൽ ജോലിയുണ്ട്, കൂലിയില്ല.

ചെറുകിട റബർ കർഷകരുടെ അവസ്ഥയും വിഭിന്നമല്ല. വിൽക്കാൻ കഴിയാതെ വീടുകളിൽ ആയിരകണക്കിന് റബർ ഷീറ്റും, ഒട്ടുപാലും കെട്ടികിടക്കുകയാണ്. റബർ മരങ്ങൾ പാട്ടത്തിനെടുത്തവരുടെയും നട്ടെല്ലോടിഞ്ഞിരിക്കുകയാണ്.

പ്രധാന റബർ ഉൽപാദക രാജ്യങ്ങളായ ഇന്തോനേഷ്യയിലും തായ്‌ലൻഡിലും റബർ കൃഷിക്ക് രോഗം ബാധിച്ചതാണു രാജ്യാന്തര വിപണിയിലെ ക്ഷാമത്തിനു കാരണമെന്നാണ് റബർ ബോർഡ് വെളിപ്പെടുത്തൽ. ഇതു മൂലം റബർ ഉൽപാദനത്തിൽ 15 ശതമാനം ഇടിവു വന്നിട്ടുണ്ട്. ക്ഷാമത്തിന്റെ സൂചന ലഭിച്ചതോടെ വിദേശ രാജ്യങ്ങൾ കയറ്റുമതി കുറച്ചതാണ് ടയർ കമ്പനികൾ ഉൾപ്പടെ ആഭ്യന്തര റബർ വിപണിയിലേക്ക് ശ്രദ്ധ തിരിക്കാൻ വഴിയൊരുക്കിയത്.