തിരുവനന്തപുരം: നാലാഞ്ചിറയ്ക്ക് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വൃദ്ധനെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തി. മേഘാലയയിൽ നിന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എൻജിനീയറായി വിരമിച്ച നാലാഞ്ചിറ ബെനഡിക്ട് നഗർ മേഘവില്ലയിൽ (ബി.എൻ.ആർ.എ- 32) കെ.ജെ. തോമസിനെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് സമീപത്ത് നിന്ന് ഇന്നലെ പുലർച്ചെ 4 ഒാടെ കണ്ടെത്തിയത്. നടന്നുതളർന്ന് അവശനിലയിൽ കസേരയിൽ ഇരിക്കുകയായിരുന്ന തോമസിനെ പൊലീസുകാരാണ് തിരിച്ചറിഞ്ഞത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് ബന്ധുക്കളെത്തി തോമസിനെ വീട്ടിലേക്ക് കൊണ്ടുപോയി. സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന തോമസ് ഒരാൾക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. മണ്ണന്തല ഭാഗത്തേക്ക് തോമസ് പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ രണ്ട് പെട്രോൾ പമ്പുകളിലെയും മറ്റൊരു കടയിലെയും സി.സിടിവി കാമറകളിൽ പതിഞ്ഞിരുന്നു. പിന്നീട് മണ്ണന്തല പൊലീസ് സ്‌റ്റേഷന് സമീപത്തെ പ്രണവം ഗാർഡൻസിലെത്തിയ ശേഷം അപ്രത്യക്ഷനാവുകയായിരുന്നു.