തിരുവനന്തപുരം : റാപ്പിഡ് ആൻറിബോഡി ടെസ്റ്റ് നടത്തുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക്. കൊവിഡ് പ്രതിരോധത്തിൽ അതിവേഗം മുന്നോട്ട് പോയ കേരളത്തിന് തിരിച്ചടിയായി.
ടെസ്റ്റിന് ഗുണനിലവാരം കുറഞ്ഞ ചൈനീസ് കിറ്റുകൾ സംസ്ഥാനങ്ങൾക്ക് വാങ്ങി നൽകിയ കേന്ദ്ര സർക്കാർ, ഇപ്പോഴത് മടക്കി അയയ്ക്കാനുള്ള ശ്രമത്തിലാണ്.അതേസമയം ,തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടക്നോളജി റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റ് വികസിപ്പിച്ച് അനുമതിയ്ക്കായി സമർപ്പിച്ചിട്ട് രണ്ടാഴ്ചയായെങ്കിലും തീരുമാനം വൈകുന്നു.
ഇക്കഴിഞ്ഞ 15നാണ് രാജീവ് ഗാന്ധി സെന്റർ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിൻെറ ( ഐ.സി.എം.ആർ ) അനുമതി തേടിയത്. അഞ്ചു ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. . രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.രാധാകൃഷ്ണൻ ആർ.നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ചത്തെ ശ്രമഫലമായാണ് കിറ്റ് വികസിപ്പിച്ചത്. അനുമതി കിട്ടിയാലുടൻ കളമശേരി കിൻഫ്ര പാർക്കിലുള്ള രാജീവ് ഗാന്ധി സെന്ററിന്റെ നിർമ്മാണ യൂണിറ്റായ യൂ ബയോടെക്നോളജീസിൽ ഉത്പാദനം തുടങ്ങും. 380 രൂപയാണ് പ്രതീക്ഷിക്കുന്ന വില. അനുമതി ലഭിച്ചാൽ 24 മണിക്കൂറും നാലു ഷിഫ്റ്റുകളിലായി ദിവസം രണ്ട് ലക്ഷം കിറ്റുകൾ നിർമ്മിക്കും. 30 ദിവസത്തിനുള്ളിൽ 60 ലക്ഷം കിറ്റുകൾ വിപണിയിലെത്തിക്കും. രാജ്യത്തിനാകെ ആവശ്യമുള്ള കിറ്റുകൾ കേരളത്തിൽ നിന്നു ലഭ്യമാക്കാനാവുമെന്ന് അധികൃതർ പറയുന്നു
സമൂഹവ്യാപനം തടയാം
ടെസ്റ്റ് വ്യാപകമാക്കുന്നതിലൂടെ സമൂഹ വ്യാപനം തടയാനാവും.ചെലവ് കുറവായതിനാൽ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആറു ദിവസത്തിന് ശേഷമുണ്ടാകുന്ന ആൻറി ബോഡിയുടെ സാന്നിദ്ധ്യമാണ് റാപ്പിഡ് പരിശോധനയിലൂടെ കണ്ടെത്തുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ മുന്നിലുള്ള ആരോഗ്യപ്രവർത്തകർ, പൊലീസുകാർ തുടങ്ങിയവരെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള മാർഗനിർദേശവും തയ്യാറാക്കിക്കഴിഞ്ഞു.