നെടുമങ്ങാട് : സ്ത്രീകളെ ആക്രമിച്ച് മാലയും മൊബൈൽ ഫോണും പണവും പിടിച്ചു പറിക്കുന്ന സംഘത്തിലെ അംഗങ്ങളായ പെരിങ്ങമ്മല സ്വദേശികൾ അറസ്റ്റിലായി. പെരിങ്ങമല പറക്കോണം ക്ഷേത്രത്തിനു സമീപം രഞ്ജിത് ഭവനിൽ ജി. രതീഷ് കുമാർ ( 27), പറക്കോണം സി.പി ഹൗസിൽ എ. ഫിറോസ് ഖാൻ (28) എന്നിവരാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. നെടുമങ്ങാട് ബസ് ഡിപ്പോയിലെ കണ്ടക്ടർ സിനി ഡിസംബർ 30 ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ ചുള്ളിമാനൂർ കെച്ചാട്ടുകാൽ ജംഗ്ഷനു സമീപം തടഞ്ഞു വച്ച് മൂന്നുപവൻ മാല പിടിച്ചു പറിക്കുകയും പൂത്തൻപാലം ജംഗ്ഷനു സമീപം വച്ച് പ്രവാസിയായ കല്ലിയോട് സ്വദേശി ബബിതയെ തടഞ്ഞ് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്. ഒന്നാം പ്രതി അൻസിൽ നേരത്തെ പിടിയിലായിരുന്നു. ബാലരാമപുരത്ത് ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചു വരവെ വീട്ടുടമയായ വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും രതീഷ് കുമാർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ, എ.എസ്.ഐമാരായ പ്രദീപ്,ഫ്രാൻക്ലിൻ,വിജയൻ,സി.പി.ഒമാരായ ബിജു, അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.