store

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ഹോട്ട് സ്പോട്ടുകളായ അമ്പലത്തറ, കളിപ്പാൻകുളം വാർഡുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഓറഞ്ച് മേഖലയിൽ ലഭിക്കുന്ന ഇളവുകൾ ലഭിച്ചുതുടങ്ങി. നഗരത്തിൽ ഇന്നലെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് വരെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. സ്റ്റേഷനറി, ഹോം അപ്ലെയൻസസ് തുടങ്ങിയ സ്ഥാപനങ്ങൾ തുറന്നെങ്കിലും വലിയ തിരക്ക് ഉണ്ടായില്ല.

മൊബൈൽ ഷോപ്പുകൾ, ഇലക്ട്രോണിക്സ് സർവീസ് സെന്ററുകൾ എന്നിവിടങ്ങളിൽ തിരക്കനുഭവപ്പെട്ടെങ്കിലും പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് നിയന്ത്രിച്ചു. തകരപ്പറമ്പിലെ മൊബൈൽ കടകളിൽ രാവിലെ മുതൽ ആരംഭിച്ച തിരക്ക് ഉച്ച കഴിഞ്ഞും തുടർന്നു. മൊബൈൽ അനുബന്ധ സാധനങ്ങൾ വാങ്ങാനും കേടുപാടുകൾ പരിഹരിക്കാനുമായി നിരവധി പേരാണ് ഇവിടെയെത്തിയത്. ഇളവുകൾ അനുവദിച്ചതോടെ വ്യാപകമായി കടകൾ തുറക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും നഗരത്തിൽ അതുണ്ടായില്ല. ഇന്ന് മുതൽ കൂടുതൽ കടകൾ സജീവമാകുമെന്നാണ് കരുതുന്നത്. തുറന്ന മിക്ക കടകളിലും വെള്ളവും സാനിറ്റൈസറും ലഭ്യമാക്കിയിരുന്നു. നഗരസഭാ പരിധിയിൽ ചന്തകളിലുള്ള കോംപ്ലക്സുകൾക്കും ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി ഇല്ലാത്തതിനാൽ അവ അടഞ്ഞുകിടന്നു. പാളയം സാഫല്യം കോംപ്ലക്സിൽ തുറന്ന ഒരു സ്ഥാപനം പൊലീസെത്തി അടപ്പിച്ചു. ഓറഞ്ച് മേഖലയിൽ വൈകിട്ട് ഏഴ് വരെ കടകൾക്ക് പ്രവർത്തിക്കാമെങ്കിലും അഞ്ച് മണി വരെ മാത്രം തുറക്കാനാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഞായറാഴ്ച വാഹനങ്ങൾക്ക് നമ്പ‌ർ പ്രകാരമുള്ള നിയന്ത്രണങ്ങളില്ലാത്തതിനാൽ നിരവധി വാഹനങ്ങളും ഇന്നലെ നിരത്തിലിറങ്ങി. അതിർത്തി പ്രദേശങ്ങളിലും പ്രധാന വഴികളിലും പൊലീസിന്റെ പരിശോധനകൾ തുടരുന്നുണ്ട്.