corona

തിരുവനന്തപുരം : ഇടുക്കിയിലെ ഒരു വനിതാ ഡോക്ടർക്കും കോട്ടയത്തെ രണ്ട് ആരോഗ്യപ്രവർത്തകർക്കും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്നലെ 11പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയിൽ ആറു പേർക്കും കോട്ടയത്ത് അഞ്ചുപേർക്കും രോഗമുണ്ട്. ഈ രണ്ടു ജില്ലകളും രോഗമുക്തമായി മാറിയതിനുശേഷമാണ് വീണ്ടും രോഗബാധയുണ്ടായത്.

രോഗിയെ പരിചരിച്ചതിലൂടെയാണ് ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗികളെ പരിചരിച്ചതിലൂടെ ഡോക്ടർക്ക് വൈറസ് ബാധിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

ഇടുക്കിയിൽ രോഗം ബാധിച്ച മറ്റ് അഞ്ചുപേരിൽ ഒരാൾ വിദേശത്തുനിന്നും (സ്‌പെയിൻ) രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോട്ടയത്ത് ആരോഗ്യപ്രവർത്തകരെ കൂടാതെ രോഗം ബാധിച്ച മൂന്നു പേരിൽ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

സംസ്ഥാനത്ത് നാലുപേരാണ് ഇന്നലെ രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിങ്ങളിൽ ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ 342 പേരാണ് രോഗമുക്തി നേടിയത്. 123 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

വനിതാ ഡോക്ടർക്ക്

രോഗം പകർന്നത്

ഇടുക്കി : ഏലപ്പാറ പി.എച്ച്‌.സിയിലെ 41 കാരിയായ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൈസൂരുവിൽ നിന്നുവന്ന രോഗബാധിതനായ വ്യക്തിയുടെ മാതാവിൽ നിന്ന് പകർന്നതാണെന്ന് കരുതുന്നു. മാതാവ് ഏലപ്പാറ പി.എച്ച്‌.സിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നിരവധി സാധാരണ രോഗികളെ പരിശോധിച്ചുവെന്നാണ് വിവരം.