chennithala
chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനായി കൊവിഡ് പൊസിറ്റീവ് കേസുകൾ പ്രസിദ്ധീകരിക്കാൻ വൈകിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. റിപ്പോർട്ട് ചെയ്യുന്ന ഉടനെ പോസിറ്റീവ് കേസുകൾ അറിയിക്കേണ്ടത് ജനങ്ങളോടുള്ള ബാദ്ധ്യതയാണ്. 4000 പേരുടെ കൊവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും ടെസ്റ്റുകൾ നടത്തുന്നത് വളരെ കുറവാണ്.
കേരളത്തിൽ 80 ലക്ഷത്തോളം പേർക്ക് കൊവിഡ് വരാൻ സാദ്ധ്യതയുണ്ടെന്നും അത് തടയാൻ പുതിയ ടെക്‌നോളജി ആവശ്യമായതുകൊണ്ടാണ് സ്പ്രിൻക്ലറിന്റെ സഹായം തേടിയതെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. ഇതുവരെ ലോകത്താകെ 25 ലക്ഷത്തോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. അപ്പോൾ എന്ത് ഉദ്ദേശത്തിലാണ് കേരളത്തിൽ 80 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടാകുമെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന് ഡേറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിട്ടും വിദേശ കമ്പനിയെ കൊണ്ടുവരാനുള്ള സാഹചര്യവും സ്പ്രിൻക്ലറിൽ നിന്നും എന്ത് പ്രയോജനം ലഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
സാലറിചലഞ്ചിനെ എതിർക്കുന്നില്ല. ശമ്പളം എപ്പോൾ തിരിച്ചുതരുമെന്ന് വ്യക്തമാക്കാത്തതുകൊണ്ടാണ് ഉത്തരവ് കത്തിച്ചത്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ നെഞ്ചത്ത് കല്ലെറിഞ്ഞപ്പോൾ പ്രതികരിക്കാത്തവരാണ് ഉത്തരവിന്റെ കോപ്പി കത്തിച്ചത് വലിയ സംഭവമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.