തിരുവനന്തപുരം: കൊവിഡിനെ പമ്പ കടത്താനുള്ള പോരാട്ടത്തിൽ പകച്ചുനിൽക്കാതെ മുന്നേറുന്ന കേരളം, നാല് മണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി ഹൈസ്പീഡ് റെയിലുമായി മുന്നോട്ട്. റെയിൽപ്പാതയുടെ രൂപരേഖ മന്ത്രിസഭ ഉടൻ അംഗീകരിച്ച്, ദക്ഷിണറെയിൽവേയുടെ ശുപാർശയോടെ റെയിൽവേ ബോർഡിന് സമർപ്പിക്കും. 1226 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം മുടക്കേണ്ട 8656 കോടി, ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും. 20 വർഷം കാലാവധിയും ബാങ്ക്‌പലിശയേക്കാൾ കുറവുമുള്ള ഹഡ്കോ വായ്പയ്ക്കായി ചർച്ച തുടങ്ങി.
പദ്ധതിക്ക് റെയിൽവേ ബോർഡ് അനുകൂലമാണ്. 2030നകം 50 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ പദ്ധതികൾ ലക്ഷ്യമിടുന്ന റെയിൽവേക്ക് ഇതിൽ 3000 കോടിയേ മുടക്കുള്ളൂ. മികച്ച പ്രോജക്ടായതിനാൽ വേഗത്തിൽ അനുമതി നൽകുമെന്ന് പ്രാഥമികാനുമതി വേളയിൽ റെയിൽവേ അറിയിച്ചിരുന്നു.
35000 കോടിയിലേറെ വായ്പ നൽകാൻ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) സന്നദ്ധതയറിയിച്ചിട്ടുണ്ട്. പഠനത്തിനായി ജപ്പാൻ സംഘം കേരളത്തിലെത്താനിരിക്കെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വിമാനസർവീസ് തുടങ്ങിയാലുടനെത്തും. പക്ഷേ, റെയിൽപാതയ്ക്കു വേണ്ട ഉപകരണങ്ങളും സിഗ്നലിംഗ് സംവിധാനവും ജപ്പാൻ കമ്പനികളിൽ നിന്ന് വാങ്ങണം. 0.2മുതൽ 0.5ശതമാനം വരെയാണ് പലിശ. ഡോളർ നിരക്കിലെ വ്യതിയാനത്തിൽ ഇത് 6ശതമാനമാവും. 30വർഷം തിരിച്ചടവും 10വർഷം മോറട്ടോറിയവും ലഭിക്കും.
കേന്ദ്രാനുമതിയോടെ ഭൂമിയേറ്റെടുക്കൽ ഉടൻ തുടങ്ങാനാണ് ശ്രമം. നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായി നിർമ്മിക്കുന്ന അതിവേഗപാതയ്ക്കായി, റെയിൽവേ 200 ഹെക്ടർ ഭൂമി വിട്ടുനൽകും. ശേഷിക്കുന്ന ആയിരം ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. നാലുവരി റോഡിന് വേണ്ട സ്ഥലത്തിന്റെ പകുതിയേ ഏറ്റെടുക്കൂ. 12കി.മി മേൽപ്പാലവും 2.5കി.മി തുരങ്കവുമുണ്ടാകും. ഇക്കൊല്ലം നിർമ്മാണമാരംഭിച്ച് 2024 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.
പതിനൊന്ന്സ്റ്റേഷനുകൾ
കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
വേഗപ്പാത
ദൈർഘ്യം- 532 കി.മീ
വേഗത-200 കി.മീ
യാത്രാക്കൂലി-2.75രൂപ\ കി.മീ
പദ്ധതിച്ചെലവ്-63,941 കോടി
തിരുവനന്തപുരം-കാസർകോട്
യാത്രയ്ക്ക് - 3.52 മണിക്കൂർ