തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാരോടും ജില്ലാ മെഡിക്കൽ ഓഫീസർമാരോടും നിർദ്ദേശിച്ചു. ഇപ്പോൾ നിരീക്ഷണത്തിലുള്ളവരിൽ രോഗലക്ഷണമില്ലാത്തവരെയും പരിശോധിക്കണം. ഇതിനാവശ്യമായ കിറ്റുകൾ സർക്കാർ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാപൊലീസ് മേധാവികളുമായും വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക്ക് ഡൗൺ ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ഒരുപാട് ഇളവുകൾ നൽകാനാവില്ല. ഉദ്യോഗസ്ഥർ ഉറച്ച നിലപാടെടുക്കണം. എന്നാൽ ജനങ്ങളോടുള്ള സമീപനം സൗഹാർദപരമാവണം. ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ പുറത്തിറങ്ങാൻ പറ്റാത്തതിനാൽ ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിക്കണം. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലേക്ക് വരാൻ അനുവദിക്കുന്നതിൽ പ്രായോഗിക സമീപനം വേണം. അനുവദിക്കാൻ കഴിയാത്ത കേസുകൾ അവരെ ബോദ്ധ്യപ്പെടുത്തണം.
മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും തൃശ്ശൂരിൽ നിന്ന് മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു.