കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം
തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഗൾഫിലും മറ്റ് വിദേശരാജ്യങ്ങളിലും കൊവിഡും ലോക്ക് ഡൗണും മൂലം കഷ്‌ടപ്പെടുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രാരംഭ നടപടികൾക്ക് സംസ്ഥാന സർക്കാർ ഇന്നലെ തുടക്കം കുറിച്ചു. തിരികെവരാൻ ആഗ്രഹിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാൻ നോർക്കയുടെ ഒാൺലൈൻ സംവിധാനം തുറന്നു.
സമ്പൂർണ അടച്ചിടൽ മേയ് മൂന്നിന് അവസാനിക്കുമ്പോൾ എന്തെല്ലാം ഇളവുകൾ ആകാമെന്നതിനാണ് കേന്ദ്രം ഇപ്പോൾ മുൻഗണന നൽകുന്നത്. സംസ്ഥാനങ്ങളുടെ നിലപാടും പ്രവാസികൾക്കായി നടത്തിയ തയ്യാറെടുപ്പുകളും വിലയിരുത്തിയ ശേഷമായിരിക്കും കേന്ദ്രം അന്തിമ തീരുമാനം എടുക്കുന്നത്. പ്രവാസികളെ തിരികെ എത്തിക്കാനായുള്ള പദ്ധതി കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഏതെല്ലാം രാജ്യങ്ങളിൽ നിന്ന് എത്രപേരെ കൊണ്ടുവരേണ്ടി വരും, മുൻഗണനാക്രമം അനുസരിച്ച് എത്രപേരെ അടിയന്തരമായി കൊണ്ടുവരേണ്ടി വരും എന്നീ കാര്യങ്ങളിൽ വ്യക്തതയ്ക്കു വേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. വിദേശത്ത് നാൽപത് ലക്ഷത്തോളം മലയാളികളുണ്ടെങ്കിലും അവരെല്ലാം തിരിച്ചുവരുന്നുണ്ടാവില്ല. അതിനാൽ വ്യക്തമായ കണക്കെടുക്കാൻ കേന്ദ്രസർക്കാരും നിർദ്ദേശിച്ചിരുന്നു. അതു കൂടി പരിഗണിച്ചാണ് നോർക്ക രജിസ്ട്രേഷൻ തുടങ്ങിയത്. പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചാൽ ഗർഭിണികൾ, പ്രായമായവർ, രോഗികൾ, ചെറിയ കാലയളവിലേക്ക് നാട്ടിൽ നിന്ന് പോയവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കായിരിക്കും മുൻഗണനയെന്ന് നോർക്ക വൃത്തങ്ങൾ അറിയിച്ചു.
@ രജിസ്‌ട്രേഷൻ ഇങ്ങനെ
www.registernorkaroots.org എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. പാസ്പോർട്ട് നമ്പരും രാജ്യത്തിന്റെ വിശദാംശങ്ങളും ബന്ധപ്പെടാനുള്ള ഫോൺ നമ്പരും വേണം.
കൊവിഡ് നെഗറ്റിവ്
സർട്ടിഫിക്കറ്റ് വേണം
മടങ്ങിവരുന്നവർ ഏത് രാജ്യത്താണോ അവിടെ പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നേടണം. അതത് രാജ്യങ്ങളിലെ വിമാനത്താവളത്തിലും സ്ക്രീനിംഗ് ഉണ്ടാകും. അവിടങ്ങളിലെ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും സ്ക്രീനിംഗ്. കേരളത്തിൽ തിരിച്ചെത്തുന്ന വിമാനത്താവളത്തിലും സ്ക്രീനിംഗ് നടത്തും.
കേന്ദ്രം അന്തിമ തീരുമാനമെടുത്തിട്ടില്ല:
കേന്ദ്രമന്ത്രി വി. മുരളീധരൻ
ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷമേ വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരാനാകൂ. ഇക്കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല. ആലോചനകൾ നടക്കുകയാണ്. കേരളത്തിലേക്ക് വരാൻ എത്രപേർ സന്നദ്ധരാണെന്ന് അറിയാനായിരിക്കും നോർക്ക രജിസ്‌ടേഷൻ നടത്തുന്നത്
എല്ലാം സജ്ജം: മുഖ്യമന്ത്രി
പ്രവാസികൾ ഏതുസമയത്ത് തിരിച്ചുവന്നാലും എല്ലാം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനത്താവളത്തിൽ പരിശോധനാ സംവിധാനമുണ്ട്. വീടുകളിലും സർക്കാർ സംവിധാനത്തിലും ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
വിദേശമലയാളികൾ
യു.എ.ഇ - 14 ലക്ഷം
സൗദി അറേബ്യ - 13ലക്ഷം
ഒമാൻ, ബഹറിൻ, ഖത്തർ, മസ്‌കറ്റ് - 8 ലക്ഷം
അമേരിക്ക - 46,535
ബ്രിട്ടൻ - 38,023
ആസ്ട്രേലിയ /ന്യൂസിലൻഡ്- 30,078
കാനഡ - 15,323
സിംഗപ്പൂർ - 12,485
മലേഷ്യ - 11,350
മാലിദ്വീപ് - 6243
ആഫ്രിക്ക - 5657
മറ്റ് രാജ്യങ്ങൾ - 62,441
ആകെ. 37,28,135