പേരൂർക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന് രോഗിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് മാസം മുമ്പ് ഇവിടെയെത്തിച്ച മുപ്പത്തിയഞ്ചുകാരനാണ് അക്രമാസക്തനായത്. ഇന്നലെ രാവിലെ കുളിപ്പിക്കുന്നതിനായി രോഗിയെ പുറത്തിറക്കിയപ്പോൾ,​ സമീപത്തെ കസേരയിൽ ഇരിക്കുകയായിരുന്ന പുരുഷ നഴ്സിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ ചേർന്ന് രോഗിയെ പിന്തിരിപ്പിച്ചു. കഴുത്തിന് നിസാര പരിക്കേറ്റ ജീവനക്കാരൻ പേരൂർക്കട ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അക്രമാസക്തനായതിനെ തുടർന്ന് ഇയാളെ ഫോറൻസിക് വാർഡിൽ പ്രവേശിപ്പിച്ചു.