പാറശാല: മുര്യങ്കരയിൽ വ്യാജവാറ്റുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സഹോദരങ്ങൾക്ക് കുത്തേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയും സമീപ വാസിയുമായ സനുവിനുവേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. രണ്ടാം പ്രതിയും സനുവിന്റെ പിതാവുമായ സുന്ദരൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. മുര്യങ്കര വെട്ടുവിള പുത്തൻ വീട്ടിൽ മണിയാണ് കുത്തേറ്റുമരിച്ചത്.
ലോക്ക് ഡൗണായതിനാൽ അന്തർ സംസ്ഥാന ബസുകളും ട്രെയിനുകളും ഇല്ലെങ്കിലും പ്രതി അതിർത്തിക്കടുത്തെ താമസക്കാരനായതിനാൽ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കാമെന്ന് പൊലീസ് കരുതുന്നു. ഒരാളുടെ കാൽ വെട്ടിയ സംഭവമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സനു. ഇയാൾ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജയിൽ മോചിതനായത്. കഞ്ചാവ് കച്ചവടവും ലോക്ക് ഡൗണിനെ തുടർന്ന് ചാരായം വാറ്റും നടത്തി വരികയായിരുന്നു. ഒരാഴ്ച മുൻപ് എക്സൈസ് പാറശാലയിൽ നടത്തിയ റെയ്ഡിൽ സനുവിന്റെ നേതൃത്വത്തിൽ നടന്ന വാറ്റ് പിടികൂടിയിരുന്നു. സംഭവം മണിയുടെ അനുജൻ ബിനു (ചിപ്പയ്യൻ ) ഒറ്റു കൊടുത്തതാണെന്ന വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സനുവിന്റെ സഹായിയായിരുന്നു ബിനു. മണിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മണിയുടെ അനുജനും അയൽവാസിയുമായ ബിനു വിനെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.