ravi

തിരുവനന്തപുരം: മക്കളില്ലാതിരുന്ന രവി വള്ളത്തോളിനും ഭാര്യ ഗീതാലക്ഷ്മിക്കും അഭയമായിരുന്നു 'തണൽ'. ഭിന്നശേഷിക്കാരും അശരണരുമായ കുട്ടികളുടെ സംരക്ഷണത്തിനായി ഒരുക്കിയ തണൽ എന്ന സ്‌കൂൾ ആ ദമ്പതികൾക്ക് മക്കളില്ലാതിരുന്നതിന്റെ വിഷമം മാറ്റി. തണലിലെ കുഞ്ഞുങ്ങളെല്ലാം അവരുടെ കുഞ്ഞുങ്ങളായി.
ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നാണ് ഇരുവരും ആദ്യം തീരുമാനിച്ചത്. പിന്നീട് ഒരുപാട് കുട്ടികൾക്ക് സാന്ത്വനവും സംരക്ഷണവുമാകുന്ന ഒരു സ്ഥാപനം തുടങ്ങുകയെന്ന ആലോചനയിലെത്തി. അങ്ങനെയാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി 1996 ൽ വഴുതക്കാട്ടെ വീടിനോടു ചേർന്ന് 'തണൽ' ആരംഭിച്ചത്.
തണലിൽ പഠിക്കുന്ന കുട്ടികൾ ഈശ്വരനോട് ഏറ്റവും അടുത്തിരിക്കുന്നവർ എന്നാണ് രവി വള്ളത്തോളും ഗീതാലക്ഷ്മിയും വിശേഷിപ്പിച്ചിരുന്നത്. സ്‌കൂളിന്റെ നടത്തിപ്പിനായി പുറത്തുള്ള ആരുടെയും സാമ്പത്തിക സഹായം തേടിയിരുന്നില്ല. അദ്ധ്യാപകരും സൈക്കോളജിസ്റ്റും ഡോക്ടർമാരുമൊക്കെയടങ്ങുന്ന സംഘം കുട്ടികളുടെ പരിപാലനത്തിനായുണ്ട്. ഇപ്പോൾ 30 കുട്ടികളാണ് തണലിൽ ഉള്ളത്.
തണൽ അടുത്ത വർഷം കാൽനൂറ്റാണ്ടു പൂർത്തിയാക്കുകയാണ്. അതു കാണാതെയാണ് രവി വള്ളത്തോളിന്റെ മടക്കം. ഇനി കുരുന്നുകൾക്ക് തണലായി ഗീതാലക്ഷ്മി മാത്രം.