തിരുവനന്തപുരം: കൊവിഡ് രോഗത്തെക്കുറിച്ച് വിശദീകരിക്കാനുള്ള വാർത്താസമ്മേളനം രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരെ വിമർശിക്കാനും അപമാനിക്കാനുമുള്ള സ്ഥിരം വേദിയാക്കി മുഖ്യമന്ത്രി മാറ്റുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ഏറ്റവുമൊടുവിൽ പ്രതിപക്ഷ സംഘടനകളാണ് അദ്ദേഹത്തിന്റെ ഇര. സർക്കാരിന്റെ ധൂർത്തും പാഴ്‌ച്ചെലവും കുറയ്ക്കാതെ സാധാരണക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി പിടിക്കുന്ന നടപടിക്കെതിരായാണ് ജീവനക്കാരുടെ പ്രതിഷേധം. ഭരണപക്ഷത്തുള്ള സർക്കാർ ജീവനക്കാരും ഇതിൽ പ്രതിഷേധിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി മനസിലാക്കണം. കെ.എം.ഷാജി എം.എൽ.എയെയും പ്രതിപക്ഷനേതാവിനെയും തന്നെയുമൊക്കെ അപമാനിക്കാൻ വാർത്താസമ്മേളനം മുഖ്യമന്ത്രി ദുരുപയോഗിച്ചിട്ടുണ്ട്. കണ്ണൂരിലെ സി.പി.എം നേതാവെന്നതിൽ നിന്ന് മുഖ്യമന്ത്രിയെന്ന നിലയിലേക്ക് പിണറായി വിജയൻ എന്നാണ് വളരുന്നതെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ചോദിച്ചു.