തിരുവനന്തപുരം: നഗരത്തിലെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായ അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 101 പേർക്കെതിരെ ഇന്നലെ കേസെടുത്തു. 53 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 58 പേർക്കെതിരെയും കേസെടുത്തു. സർക്കാർ അനുവദിച്ചിട്ടുള്ള ലോക്ക് ഡൗൺ ഇളവ് പ്രകാരം ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പരിലുള്ള വാഹനങ്ങൾ മാത്രമേ ഇന്ന് നിരത്തിൽ ഇറങ്ങാൻ അനുവദിക്കൂ. അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിൽ നിന്നും പുറത്തുപോകുന്നതിനും അകത്തേക്ക് പ്രവേശിക്കുന്നതിനും പൊലീസ് അതിർത്തി പരിശോധന കേന്ദ്രങ്ങൾ ഏർപ്പെടുത്തി. അട്ടക്കുളങ്ങര ജംഗ്ഷൻ, തിരുവല്ലം എന്നിവിടങ്ങളിലാണ് പരശോധനാ കേന്ദ്രങ്ങൾ. ഈ സ്ഥലങ്ങളിലൂടെ മാത്രമേ വാഹനങ്ങൾക്കും ആൾക്കാർക്കും ഈ വാർഡുകളിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും കഴിയൂ. വാർഡുകളുടെ മറ്റ് അതിർത്തി പങ്കിടുന്ന എല്ലാ വഴികളും ബാരിക്കേഡുകൾ വച്ച് ബ്ലോക്കിംഗ് പോയിന്റുകളാക്കിയിട്ടുണ്ട്. ഹോട്ട് സ്‌പോട്ടായതിനാൽ ഈ പ്രദേശങ്ങളിൽ മെഡിക്കൽ ഷോപ്പുകളും, പലചരക്ക്, പഴം, പച്ചക്കറി തുടങ്ങിയ അവശ്യഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന കടകളും മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. ഇന്നലെ ശ്രീകാര്യം, പേട്ട, കോവളം സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകളെടുത്തത്. 48 ഇരുചക്ര വാഹനങ്ങളും 3 ആട്ടോറിക്ഷകളും ഒരു കാറും ഒരു ലോറിയുമാണ് ഇന്നലെ പിടിച്ചെടുത്തത്. സിറ്റി പൊലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകൾ നടത്തിയ കൂടുതൽ പേരും പിടിയിലായത്.