rama

വെഞ്ഞാറമൂട്: ഇന്നലെ രാവിലെ 9.30ന് വെഞ്ഞാറമൂട് കൃഷ്ണ കൃപയിൽ രാമൻപിള്ളയുടെ ഫോണിലേക്കു വന്ന കാളിന്റെ അങ്ങേ തലയ്ക്കലുള്ള ശബ്ദം കേട്ട് അദ്ദേഹം അമ്പരന്നു. സാക്ഷാൽ നരേന്ദ്ര മോദിയായിരുന്നു ഫോണിൽ. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ദേശീയ കൗൺസിൽ അംഗവുമായ രാമൻ പിള്ളയുടെ സുഖവിവരങ്ങൾ തിരക്കിയുള്ള വിളിയായിരുന്നു അത്. കൊവിഡ് കാലത്തെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയുകയും രാമൻപിള്ള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കാലത്ത് കന്യാ കുമാരി മുതൽ - കാശ്മീർ വരെ പാർട്ടി നടത്തിയ ഏകതായാത്രയുടെ സംഘാടക സമിതി കൺവീനർ ആയിരുന്ന മോദി അന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അരബിന്ദോ കൾച്ചറൽ സൊസൈറ്റി പ്രവർത്തകൻ കൂടിയായ രാമൻപിള്ള ഭാര്യ പ്രസന്നകുമാരിക്കും മകൾക്കുമൊപ്പമാണ് എഴുത്തും വായനയുമായി കഴിയുന്നത്. ഈ കൊവിഡ് കാലത്തു വന്ന പ്രധാനമന്ത്രിയുടെ വിളിയിൽ ഏറെ സന്തുഷ്ടരാണ് എല്ലാവരും.