തിരുവനന്തപുരം: വിവാദങ്ങളുടെ പേരിൽ ശരിയായ ഒരു നടപടിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.'നാം മുന്നോട്ട് ' എന്ന പ്രതിവാര സംവാദപരിപാടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശരിയും തെറ്റും ജനത്തിന് തിരിച്ചറിയാമെന്നും സ്പ്രിൻക്ളർ വിവാദത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആ നിലപാട് തന്നെയാണ് സ്വീകരിച്ചു വരുന്നത്. വിവാദ വ്യവസായികൾ അവരുടെ മനസ്സിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്റെ മീതെ ഏതെങ്കിലും പദ്ധതികൾ ഉപേക്ഷിക്കുക എന്നൊരു നിലപാട് ഒരു സർക്കാറിന് സ്വീകരിക്കാൻ പറ്റില്ല എന്നു തന്നെയാണ് ഇപ്പോഴുള്ള സർക്കാരിന്റെ ദൃഢമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.