തിരുവനന്തപുരം: റേഷൻ കടകൾ വഴി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുമ്പോൾ തിരിമറിക്ക് സാദ്ധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിതരണം കുറ്റമറ്റതാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ വകുപ്പ് നിയോഗിച്ചു. ഇന്ന് മുതലാണ് പിങ്ക് (മുൻഗണന) കാർഡുകാർക്കുള്ള കിറ്റ് വിതരണം.
ഗുണഭോക്താക്കൾ അവരുടെ മൊബൈൽ നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ കടയിലെ സ്റ്റാഫിന് പറഞ്ഞുകൊടുക്കുമ്പോഴാണ് അത് ഇ-പോസ് മെഷീനിൽ എന്റർ ചെയ്ത ശേഷം കിറ്റ് നൽകുന്നത്. മൊബൈൽ ഫോൺ ഇല്ലാത്തവരുടെ എഴുതി ചേർക്കുകയാണ് പതിവ്. എന്നാൽ അങ്ങനെ എഴുതി ചേർക്കുമ്പോൾ മുഴുവൻ വിവരങ്ങളും രജിസ്റ്ററിലെഴുതണമെന്നും പിന്നീട് പരിശേധനയ്ക്ക് ബുക്ക് ഹാജരാക്കണമെന്നും റേഷൻ കടയുടമകൾക്ക് ജില്ലാ സപ്ലൈ ഓഫീസർമാർ നിർദേശം നൽകിയിട്ടുണ്ട്. 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. ഇതിനു ശേഷം മറ്റു കാർഡ്കാർക്ക് നൽകും.
ഇന്ന് വിതരണം - 0 നമ്പരിൽ അവസാനിക്കുന്ന റേഷൻ കാർഡുകാർക്ക്.