jagathy

തിരുവനന്തപുരം: ''അച്ഛാ രവി അങ്കിൾ മരിച്ചു''- ജഗതി ശ്രീകുമാർ തല ഉയർത്തി മകൻ രാജ്‌കുമാറിനെ നോക്കി. ''രവി വള്ളത്തോളാണ് മരിച്ചത്. ദാ വാർത്ത വന്നു..'' മൊബൈൽ ഫോണിലൂടെ ആ വാർത്ത രാജ്കുമാർ ജഗതി ശ്രീകുമാറിന് കാണിച്ചു കൊടുത്തു. ജഗതിയുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിറച്ചു. ഉരിയാടാനാകാത്ത അവസ്ഥയിലും കുറെ നേരം കുനിഞ്ഞിരുന്നു. അദ്ദേഹത്തിന്റ മനസിലപ്പോൾ പഠിക്കുന്ന കാലത്ത് ഒരുമിച്ച് അഭിനയിച്ചത് ഉൾപ്പെടെയുള്ള ഓർമ്മകൾ തിരയടിച്ചിട്ടുണ്ടാകണം.

എഴുപതുകളിൽ കേരള സർവകലാശാലയിൽ സർഗവസന്തം തീർത്തവരായിരുന്നു ജഗതിയും രവി വള്ളത്തോളും. മാർ ഇവാനിയോസ് കോളേജിൽ ബി.എസ്സിക്കു പഠിക്കുന്ന കാലത്താണ് ഇരുവരും ജോഡികളായി നാടകങ്ങളിൽ അഭിനയിച്ചത്. അന്ന് പെൺവേഷത്തിൽ രവി വള്ളത്തോൾ. നായകൻ ജഗതി. ഇതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ വൈറൽ ആയിരുന്നു.

ചിത്രത്തിൽ ജഗതി ശ്രീകുമാറിനൊപ്പം നിൽക്കുന്ന ആളെ തിരിച്ചറിയുമോ എന്നു ചോദിച്ചുകൊണ്ട് ഈ ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്നിരുന്നത്. ഇവർക്കൊപ്പം അദ്ധ്യാപകനായ ജോർജ് ഓണക്കൂറും നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്ത് നാടകങ്ങളിൽ രവിയുടെ അമ്മ വേഷമായിരുന്നു ജഗതിക്ക്. പഠനകാലം കഴിഞ്ഞപ്പോഴും സൗഹൃദം കൈവിട്ടില്ല. 'ഇത്രത്തോളം സാധുവായി നടക്കരുത്' എന്ന് രവി വള്ളത്തോളിനെ ഉപദേശിച്ചിട്ടുണ്ട് ജഗതി. രവിയുടെ പിതാവ് ടി.എൻ. ഗോപിനാഥൻ നായരും ജഗതിയടെ പിതാവ് ജഗതി എൻ.കെ. ആചാരിയും സുഹൃത്തുക്കളായിരുന്നു. പ്രൊഫഷണൽ നാടകത്തിൽ ശ്രീകുമാർ - രവി ടീമിനൊപ്പം ഇവർക്കൊപ്പം ഒരാൾ കൂടി ചേർന്നു- വേണു നാഗവള്ളി.

പ്രിയപ്പെട്ട കൂട്ടുകാരന്റെ വേർപാടിൽ വിഷമിച്ചിരിക്കുന്ന ജഗതിയുടെ ചെവിയിലേക്ക് ഇന്നലെ മറ്റൊരു മരണ വാർത്ത കൂടി എത്തി - മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂമർ വേലായുധൻ കീഴില്ലം മരിച്ചു. അപകടത്തിനു ശേഷം ജഗതി അഭിനയിച്ച ഗോകുലത്തിന്റെ പരസ്യചിത്രത്തിൽ കോസ്റ്റ്യൂമറായി എത്തിയത് വേലായുധനായിരുന്നു. ജഗതിയുടെ പ്രിയപ്പെട്ട കോസ്റ്റ്യൂമറായിരുന്നു വേലായുധൻ..ജഗതി ശ്രീകുമാർ എന്റ‌ർട്രെയിൻമെന്റ്സിന്റെ ബാനറിൽ മകൻ രാജ്‌കുമാറാണ് പരസ്യചിത്രം സംവിധാനം ചെയ്തിരുന്നത്.