തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരമായി ബസ് ടിക്കറ്റ് നിരക്ക് വർദ്ധന സർക്കാർ പരിഗണനയിലില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ, പരിമിതമായ യാത്രക്കാരുമായി ബസോടിക്കേണ്ടിവന്നാൽ ഈ മേഖലയ്ക്കുണ്ടാവുന്ന നഷ്ടം വലുതായിരിക്കും. അതിനാലാണ് താത്കാലികമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള ശുപാർശ ഗതാഗത വകുപ്പ് നൽകിയതെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന് മുമ്പ് രണ്ട് തവണ സ്വകാര്യ ബസുടമകൾ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നടത്താനിരുന്ന സമരം സർക്കാർ ആവശ്യപ്രകാരം മാറ്റിവച്ചിരുന്നു. എന്നാൽ കൊവിഡിന് ശേഷം ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഉയർത്തണ്ട എന്നാണ് സർക്കാർ നിലപാടെന്ന് എ.കെ ശശീന്ദ്രൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
സ്ഥിരമായ ചാർജ് വർദ്ധന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ആണ് പരിഗണിക്കേണ്ടത്. കമ്മിഷൻ ആലോചിച്ച് ചാർജ് വർദ്ധനയ്ക്ക് ശുപാർശ ചെയ്യുമ്പോഴാണ് സർക്കാർ ആ കാര്യം പരിഗണിക്കേണ്ടത്. എന്നാൽ അത്തരമൊരു കാര്യം സർക്കാർ ആലോചനയിൽ പോലുമില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
അതേസമയം ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് ഇളവുകളോടെ ബസ് സർവീസ് ആരംഭിക്കുമ്പോൾ സാമൂഹ്യ അകലം പാലിച്ച് മാത്രമെ ബസ് ഓടിക്കാനാകൂ. ഇത് സ്വകാര്യ ബസുകൾക്കും കെ.എസ്.ആർ.ടി.സിക്കും നഷ്ടം വരുത്തി വയ്ക്കും.അത്തരമൊരു സാഹചര്യത്തിൽ താത്കാലികമായുള്ള ഈ പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കാണേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ പാലിച്ച് സർവീസ് നടത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അത്തരം ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തിയെ പറ്റൂ. നിബന്ധനകൾ മൂലമുള്ള പ്രശ്നത്തിന് സർക്കാർ തന്നെ പരിഹാരം കാണണമെന്നാണ് സ്വകാര്യ ബസുടമകളുടെയും കെ.എസ്.ആർ.ടി.സിയുടെയും ആവശ്യം. അതുകൊണ്ടാണ് താത്കാലികമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള ശുപാർശ ഗതാഗത വകുപ്പ് നൽകിയതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായി നാളെ നടത്തുന്ന വീഡിയോ കോൺഫറൻസിൽ പ്രതിസന്ധിക്ക് കേന്ദ്ര പരിഹാരം കാണണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി ഓൺലൈൻ റിപ്പോർട്ട് ചെയ്‌തിരുന്നു.
ലോക്ക് ഡൗൺ കഴിഞ്ഞാലുള്ള പ്രശ്ന പരിഹാരത്തിനും കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ഗതാഗത വകുപ്പിന്റെ ആധുനികവത്കരണത്തിനും സംസ്ഥാനം ആയിരം കോടിയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നേരത്തെ കത്ത് നൽകിയിരുന്നു. സാമ്പത്തിക പാക്കേജിന്റെ കാര്യം നാളത്തെ വീഡിയോ കോൺഫറൻസിൽ കേന്ദ്ര ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.