ഒറ്റശേഖരമംഗലം:ലോക്ക് ഡൗണിൽ വരുമാനമില്ലാതായ അറുപതോളം കുടുംബങ്ങൾക്ക് ആശ്വാസമായി ഒറ്റശേഖരമംഗലം പൂഴനാട് ഭാവന ഗ്രന്ഥശാല‌.ദിവസേന 300 മുതൽ 800രൂപ വരെ വരുമാനം ലഭിക്കുന്ന മാർഗമാണ് കുടുംബങ്ങൾക്ക് മുന്നിൽ ഗ്രന്ഥശാല തുറന്നിട്ടത്.പ്രദേശത്തെ തുണിസഞ്ചി നിർമ്മാണ യൂണിറ്റ് പ്രവർത്തനം നിറുത്തിവച്ച് മാസ്‌ക് നിർമ്മാണം ആരംഭിച്ചതോടെ അറുപത് കുടുംബങ്ങൾക്ക് താത്കാലിക വരുമാനത്തിന് വഴിയൊരുങ്ങുകയായിരുന്നു. ആദ്യം കുറഞ്ഞ വില ഇൗടാക്കിയുള്ള മാസ്‌ക് നിർമ്മാണമായിരുന്നെങ്കിൽ ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന 3ലെയർ സർജിക്കൽ മാസ്‌കുകളിൽ ഇലാസ്റ്റിക് തുന്നിചേർക്കുന്ന ജോലിയാണ് ഇവർ ചെയ്യുന്നത്.തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയാണ് ഇൗ ചുമതല ഗ്രന്ഥശാല വഴി കുടുംബങ്ങൾക്ക് നൽകിയത്.ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ,ഭാരവാഹികളായ ബിനു,നിഖിൽ,വിപിൻ, ചെറുപുഷ്പം,അലക്സ്,വനിതാ വേദി ഭാരവാഹികളായ മിനി,ജയകുമാരി,നിഷ ,സുലോചന എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.