covid-

റോം: ഏഴ് ആഴ്ചകളായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്താനൊരുങ്ങി ഇറ്റലി. കൊവിഡ് വ്യാപനം കുറയുന്നതിനാൽ മേയ് നാല് മുതൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി ഗുസെപ്പെ കോന്റെ അറിയിച്ചു. ജനങ്ങൾക്ക് തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാൻ പോകാം. പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാണ്. പാർക്കുകൾ തുറക്കും. എന്നാൽ സ്കൂളുകൾ സെപ്റ്റംബറിൽ മാത്രമേ തുറക്കൂ. ‌‌

ഇറ്റലിയെ കൂടാതെ സ്വിറ്റ്സർലൻഡ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 260 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 14ന് ശേഷം ആദ്യമായാണ് മരണ നിരക്ക് ഇത്രയും താഴുന്നത്. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 26,644 ആണ്. 197,675 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയിൽ വീടുകളിൽ കഴിയുന്നവർക്ക് ഇനി തങ്ങളുടെ പ്രദേശങ്ങളിൽ യാത്ര ചെയ്യാം. എന്നാൽ പ്രവിശ്യവിട്ട് സഞ്ചരിക്കാൻ പാടില്ല. സംസ്കാരച്ചടങ്ങുകളിൽ 15 പേർക്ക് വരെ പങ്കെടുക്കാം. അത്‌ലറ്റുകൾക്ക് തങ്ങളുടെ പരിശീലനം പുനഃരാരംഭിക്കാം. വീടിന് തൊട്ടടുത്ത് വ്യായാമം ചെയ്യുന്നവർക്ക് വിശാലമായ സ്ഥലങ്ങളെ ആശ്രയിക്കാം.

ബാറുകളും റെസ്റ്റോറന്റുകളും തുറക്കുമെങ്കിലും ഭക്ഷണം ഇരുന്ന് കഴിക്കാനാകില്ല. ബാർ, റെസ്റ്റോറന്റ്, ബ്യൂട്ടി സലോൺ തുടങ്ങിയവയുടെ പ്രവർത്തനം ജൂണോടെ സാധാരണ രീതിയിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തുറന്നിട്ടില്ലാത്ത മറ്റ് റീട്ടെയിൽ ഷോപ്പുകൾ മേയ് 18 മുതൽ തുറക്കാൻ അനുവദിക്കും. മ്യൂസിയങ്ങളും ലൈബ്രറികളും മേയ് 18ന് തന്നെ തുറക്കാനാണ് ആലോചന. സ്പോർട്സ് ടീമുകൾക്ക് മേയ് 18 മുതൽ പരിശീലനം ആരംഭിക്കാം.

നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നുണ്ടെങ്കിലും ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണമെന്ന് ഗുസെപ്പെ കോന്റെ പറഞ്ഞു. വരും മാസങ്ങളിലും ജനങ്ങൾ ഒത്തുകൂടുന്നതിന് നിയന്ത്രണം തുടരും. ആരാധനാലയങ്ങളിൽ പ്രവേശന വിലക്ക് തുടരും. മാർച്ച് 9 മുതലാണ് ഇറ്റാലിയൻ ജനത ലോക്ക്ഡൗണിലായത്. ഏപ്രിൽ 14ന് രാജ്യത്തെ ചെറുകിട വ്യാപാരസ്ഥാനപനങ്ങൾക്ക് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.