trump

വാഷിംഗ്‌ടൺ: അമേരിക്കയുടെ ചരിത്രത്തിലെ മറ്റേത് പ്രസിഡന്‍റിനെക്കാളും അദ്ധ്വാനി താനാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യു.എസ് പ്രസിഡന്‍റിന്‍റെ കൊവിഡ് ബാധിത കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ മാദ്ധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് ട്രംപിന്‍റെ പ്രതികരണം.

'എന്നെയും രാജ്യത്തിന്‍റെ ചരിത്രവും അറിയുന്ന ജനങ്ങള്‍ ഞാനാണ് ചരിത്രത്തില്‍ ഏറ്റവും കഠിനമായി പണിയെടുക്കുന്ന പ്രസിഡന്‍റ് എന്ന് പറയുന്നുണ്ട്, എന്നാല്‍ അതിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ ഞാന്‍ കഠിനമായി ജോലി ചെയ്യുന്നു, അതിനാല്‍ ഏത് പ്രസിഡന്‍റ് ചെയ്തതിനേക്കാള്‍ കാര്യം കഴിഞ്ഞ മൂന്നരകൊല്ലത്തില്‍ ഞാന്‍ ചെയ്തു'- ട്രംപ് ട്വിറ്ററിൽ കുറിച്ചു.

'അതി രാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ ഞാന്‍ പണിയെടുക്കുന്നു. മാസങ്ങളായി വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാറില്ല, വ്യാപാര കരാറുകള്‍, സൈന്യത്തിന്‍റെ പുനരുദ്ധാരണം ഈ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നു. ഞ‌ാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എന്‍റെ ജോലി സമയം സംബന്ധിച്ചും, ഭക്ഷണ ശീലം സംബന്ധിച്ചും ഒരു മൂന്നാം കിട റിപ്പോര്‍ട്ടര്‍ എഴുതിയ റിപ്പോര്‍ട്ട് വായിച്ചു, അയാള്‍ക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ല' -എന്നും ട്രംപ് ട്വീറ്റ് ചെയ്‌തു.