അബുദാബി: യു.എ.ഇയിൽ കൊവിഡ് പിടിച്ചാൽ നിൽക്കാത്ത രീതിയിൽ കുതിച്ചുയരുന്നു. 536 പേർക്കുകൂടി പുതിയതായി രോഗം ബാധിച്ചതായി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് പേർകൂടി മരിച്ചു. കണ്ണൂർ സ്വദേശി കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഞായറാഴ്ച പുലർച്ചെ ദുബായിൽ മരിച്ചത്. ദുബായിൽ ഹോട്ടൽ മാനേജരായിരുന്നു.
സൗദിയിൽ മൂന്നു പേര് കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 139 ആയി. 1,223 പേർക്ക് പുതുതായി രോഗം കണ്ടതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 17,522 ആയി. ഇതിൽ 2,357 പേർ രോഗമുക്തരായി.15,026 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 115 പേരുടെ നില ഗുരുതരമാണ്. രോഗം സ്ഥിരീകരിച്ചവരിൽ എൺപത് ശതമാനത്തലേറെയും വിദേശികളാണ്. മക്കയിൽ മലയാളികളടക്കം 272 പേർക്ക് രോഗം, റിയാദ് 267, മദീന 217, ജിദ്ദ1 17, ബീഷ113, ദമാം 51 എന്നിങ്ങിനെയാണ് ഞായറാഴ്ച രോഗം ബാധിച്ചവരുടെ എണ്ണം.
കുവൈറ്റിൽ മരണം 20
കുവൈറ്റിൽ കൊവിഡ് മരണം 20 ആയി. ഞായറാഴ്ച ചികിത്സയില് കഴിഞ്ഞിരുന്ന ഇറാൻ സ്വദേശിയാണ് മരിച്ചത്. 53 ഇന്ത്യക്കാരക്കടം 183 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതർ 2,892 ആയി. 1,557 ഇന്ത്യക്കാരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 806 പേർ രോഗമുക്തി നേടി.
ഖത്തറിൽ മരണം 10
ഖത്തറിൽ കൊവിഡ് രോഗികൾ കുത്തനെ ഉയർന്നു. ഞായറാഴച് 929 പേർക്കാണ് രോഗം കണ്ടത്. ഒറ്റ ദിവസം ഖത്തറിൽ റപ്പോർട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്. 2,584 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതോടെ രോഗ സ്ഥിരീകരിച്ചവര് 10,287 ആയി. ഇതിൽ 1012 പേർ രോഗമുക്തി നേടി, പത്തുപേര് മരിച്ചു.
ഒമാനിൽ മരണം 8
ഒമാനിൽ 60 വദേശികൾ ഉൾപ്പെടെ 93 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതർ 1,998, ആയി. ഇതിൽ 333 പേർക്ക് രോഗം ഭേദമായി. പത്തുപേർ മരിച്ചു. ബഹ്റൈനിൽ 32 പ്രവാസികൾ ഉൾപ്പെടെ 44 പേർക്ക് ഞായറാഴച പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച കേസുകൾ 2,633 ആയി. ഇതിൽ 1186 പേർ രോഗമുക്തി നേടി. എട്ടു പേര് മരിച്ചു. 1439 പേരാണ് ചികിത്സയിലുള്ളത്.
കുവൈറ്റിൽ പൊലീസ് മേധാവിക്ക് കൊവിഡ്
കുവൈറ്റിൽ പൊലിസ് അസോസിയേഷൻ ഡയറക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേണൽ അലി ഇദ്രീസ് അൽ ബൻ ദറിനാണ് കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തെ ജാബിർ ആശുപത്രിയിലേക്ക് മാറ്റി. പുറത്തിറങ്ങരുതെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ഗ്യാസ് സിലിണ്ടർ താമസ സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്ന കുവൈറ്റ് പൊലിസിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ തോത് കുറഞ്ഞു.
52 ഇന്ത്യക്കാർ, 16 കുവൈത്തികൾ, 14 ബംഗ്ലാദേശികൾ, 26 ഈജിപ്തുകാർ, എട്ട് പാകിസ്ഥാനികൾ, ഒമ്പത് സിറിയക്കാർ, അഞ്ച് യമൻ പൗരന്മാർ, മൂന്ന് ജോർഡൻ പൗരന്മാർ, മൂന്ന് ഫിലിപ്പീൻസ് പൗരന്മാർ, മൂന്ന് ലബനാൻ പൗരന്മാർ, രണ്ട് ബിദൂനികൾ, രണ്ട് ഇറാൻ പൗരന്മാർ, സൗദി, ശ്രീലങ്ക, ഇത്യോപ്യ, ഇറാഖ്, നേപ്പാൾ, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർ എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.