pic-

തിരുവനന്തപുരം : കല്ലാട്ട് മുക്ക് സ്വദേശിനിയായ വീട്ടമ്മയ്ക്ക് രോഗം ഭേദമായെങ്കിലും കളിപ്പാൻകുളം , അമ്പലത്തറ വാർഡുകൾ തൽക്കാലം ഹോട്ട് സ്പോട്ടുകളായി തുടരും. ഇവിടങ്ങളിൽ സമ്പർക്കപ്പട്ടികയിലായി നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ പേരും കൊവിഡ് നെഗറ്റീവ് ആകുകയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്താലേ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഈ പ്രദേശങ്ങൾ പൂർണമായും ഒഴിവാകൂ. കല്ലാട്ട് മുക്കിലെ വീട്ടമ്മയുമായി സമ്പർക്കം പുലർത്തിയിരുന്ന കുറേ പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. അതിനാൽ വരുംദിവസങ്ങളിലും ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ഇവിടെ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഹോട്ട് സ്പോട്ട് നിയന്ത്രണം പിൻവലിച്ചാലും ലോക്ക് ഡൗണിന്റെ ഭാഗമായ നിയന്ത്രണങ്ങളും നടപടികളും തുടരും. കളിപ്പാൻകുളം, അമ്പലത്തറ വാർഡുകൾ ഹോട്ട് സ്പോട്ടുകളായി തുടരുന്നതിനാൽ നഗരത്തിൽ പൊലീസ് ഇപ്പോഴും അതീവ ജാഗ്രതയിലാണ്. ഗ്രീൻ സോണുകളായ വടക്കൻ ജില്ലകളിൽ രോഗം വീണ്ടും വ്യാപകമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അനാവശ്യ യാത്രകളും ആളുകൾ കൂട്ടംകൂടുന്നതും തടയാനാണ് പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കൈയ്യോടെ പിടികൂടി പിഴ ചുമത്തും. അനാവശ്യയാത്രകൾ നിയന്ത്രിക്കുന്നതിനായി പൊലീസ് പരിശോധന ഇന്നും നഗരത്തിൽ കർശനമാണ്. നഗര അതി‌ർത്തികളിലും സംസ്ഥാന ജില്ലാ അതിർത്തികളും രാവിലെ തന്നെ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നും പോകാൻ അനുവദിക്കുന്നത്. നഗരത്തിൽ കഴിഞ്ഞദിവസങ്ങളിൽ തിരക്ക് അനുഭവപ്പെട്ട റോഡുകളിലെല്ലാം പൊലീസ് ഇന്ന് കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്.