kim

സോൾ : ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ ആരോഗ്യനില കഴിഞ്ഞ കുറേ ദിവസങ്ങളായി ലോക മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയമാണ്. കിം മരണത്തോട് മല്ലടിച്ച് കിടക്കുകയാണെന്നും മസ്തിഷ്കമരണം സംഭവിച്ചെന്നുമൊക്കെ അമേരിക്കൻ ഏജൻസികൾ പറയുമ്പോഴും ഉത്തരകൊറിയയുടെ അയൽരാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും കിം അതീവ ഗുരുതരനിലയിലാണെന്ന വാർത്ത നിഷേധിക്കുന്നുണ്ട്. എന്നാൽ കിമ്മിന് ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നുവെന്ന വാദം ആരും തള്ളിക്കളയുന്നുമില്ല. ഇനി ഒരു പക്ഷേ, കിമ്മിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ആരാകും ഉത്തരകൊറിയയെ നയിക്കുക. ? 36 കാരനായ കിമ്മിന്റെ മൂന്ന് മക്കൾ കൊച്ചു കുട്ടികളായതിനാൽ അവരുടെ കൈകളിലേക്ക് രാജ്യത്തെ ഏൽപ്പിക്കാനാകില്ലല്ലോ. 10നും മൂന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ എന്നാണ് വിവരം. കിമ്മിന്റെ കുടുംബത്തിൽ തന്നെയുള്ള ഒരാളുടെ കൈകളിലേക്കായിരിക്കും ഏതായാലും അധികാരം എത്തുക. അങ്ങനെയെങ്കിൽ അതാരെന്നാണ് ഏവരുടെയും ചോദ്യം.

70 വർഷമായി ഉത്തരകൊറിയ ഭരിക്കുന്നത് കിമ്മിന്റെ കുടുംബമാണ്. ഉത്തരകൊറിയക്കാർ കിം കുടുംബത്തെ ദൈവത്തിന് തുല്യമാണ് കാണുന്നതെന്നാണ് പറയുന്നത്. കിമ്മിന്റെ മുത്തച്ഛനായ കിം ഇൽ സൂംഗ് ആണ് ഉത്തരകൊറിയയുടെ പിതാവെന്നറിയപ്പെടുന്നത്. മകൻ കിം ജോംഗ് ഇൽ ആണ് അദ്ദേഹത്തിന്റെ മരണ ശേഷം രാജ്യത്തലവനായത്. 2011ൽ കിം ജോംഗ് ഇൽ മരണമടഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മകൻ കിം ജോംഗ് ഉൻ അധികാരമേറ്റെടുത്തത്. ഇനിയിപ്പോൾ കിം ജോംഗ് ഉന്നിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ പാരമ്പര്യമായി അധികാരമെത്തപ്പെടാൻ പോകുന്നത് ഉന്നിന്റെ ഇളയ സഹോദരിയായ കിം യോ ജോംഗിന്റെ കൈകളിലേക്കായിരിക്കുമെന്നാണ് കേൾക്കുന്നത്. ഉത്തര കൊറിയയുടെ ഇവാൻകയെന്നാണ് കിമ്മിന്റെ ഉപദേശകരിൽ ഒരാളായ കിം യോ ജോംഗിനെ വിശേഷിപ്പിക്കുന്നത്. വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെ വൈസ് പ്രസിഡന്റായ യോ ജോംഗിനെ ഏപ്രിൽ 11ന് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമാക്കിയിരുന്നു. യോ ജോംഗിന് ഇപ്പോൾ തന്നെ പാർട്ടിയിൽ ശക്തമായ സ്വാധീനമുണ്ടെന്നാണ് കേൾക്കുന്നത്.

കിമ്മിനെക്കാൾ അപകടകാരിയാണ് സഹോദരി യോ ജോംഗ് എന്നാണ് കേൾക്കുന്നത്. ആദ്യമൊന്നും പൊതുജനങ്ങൾക്ക് മുന്നിലെത്താതിരുന്ന 31 കാരിയായ യോ ജോംഗ് കഴി‌ഞ്ഞ രണ്ട് വർഷം കൊണ്ടാണ് രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളിൽ സജീവമായത്. ഹിറ്റ്ലറിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയെന്ന വിശേഷിപ്പിക്കപ്പെടുന്ന കിമ്മിന്റെ തനി സ്വഭാവം തന്നെയാണത്രെ യോ ജോംഗിനും പകർന്നു കിട്ടിയിരിക്കുന്നത്. കിമ്മിന്റെ എല്ലാ നീക്കങ്ങൾക്കു പിന്നിലും യോ ജോംഗിന്റെ കരങ്ങളുണ്ടായിരുന്നു. ഭരണകാര്യങ്ങളിൽ കിമ്മിന് ഏറ്റവും വിശ്വാസമുണ്ടായിരുന്നതും വിദ്യാസമ്പന്നയായ അനുജത്തിയെ തന്നെ. വിദേശകാര്യങ്ങളിൽ പ്രത്യേകിച്ചും യു.എസുമായുള്ള ബന്ധത്തിൽ കിമ്മിന്റെ ഉപദേശക യോ ജോംഗ് ആയിരുന്നു.

കിമ്മിന് ഒരു മൂത്ത സഹോദരൻ കൂടിയുണ്ട്. കിം ജോംഗ് ചുൽ. എന്നാൽ ചുൽ അധികാരത്തിലെത്തുന്നത് വിദൂര സാധ്യത മാത്രമാണ്. കിമ്മും സഹോദരി യോ ജോംഗും രാഷ്ട്രിയത്തിൽ സജീവമായിരുന്നിട്ടു പോലും കിം ജോംഗ് ചുൽ അതിൽ നിന്നെല്ലാം വിട്ടു നില്ക്കുകയാണ്. കൂട്ടത്തിൽ അല്പ സൗമ്യ ഹൃദയനായ ചുല്ലിന്റെ കൈയിൽ ഭരണകാര്യങ്ങൾ ഏല്പിക്കാൻ പിതാവ് കിം ജോംഗ് ഇല്ലിന് താത്പര്യമില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ചുല്ലിനെ അക്കാര്യങ്ങളിൽ നിന്നും മാറ്റി നിറുത്തുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ചുല്ലാകട്ടെ രാഷ്ട്രീയ കാര്യങ്ങളിലോ പൊതുപരിപാടികളിലോ പ്രത്യക്ഷപ്പെടാതെ ഒതുങ്ങി കഴിയുകയാണ്. കിമ്മിന്റെ അമ്മാവനായ കിം പ്യോംഗ് ഇൽ മറ്റൊരു സാദ്ധ്യതയാണ്. 65 കാരനായ ഇദ്ദേഹത്തിന് ഭരണകാര്യങ്ങളിൽ അത്ര സ്വാധീനം ഉണ്ടായിരുന്നില്ലെങ്കിലും കിം കുടുംബാംഗമായതിനാൽ അധികാര ടിക്കറ്റ് ലഭിച്ചേക്കാം.