modi

തിരുവനന്തപുരം: പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്താനാണ് യോഗം ചേരുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിന് നേതൃത്വം നൽകുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ അവസരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തത്.

അതേസമയം ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിലാണ് സംസ്ഥാന നിലപാട് മുഖ്യമന്ത്രി ആഭ്യന്ത്രരമന്ത്രിയെ അറിയിച്ചത്.

കഴിഞ്ഞ യോഗത്തിൽ പിണറായി വിജയന് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. നേരത്തേ നടന്ന ചർച്ചകളിൽ സംസാരിക്കാൻ അവസരം ലഭിക്കാതിരുന്ന മുഖ്യമന്ത്രിമാരാണ് ഇന്നത്തെ യോഗത്തിൽ സംസാരിക്കുക. ഇന്നത്തെ ചർച്ചയിൽ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന.ബിഹാർ, ഒഡിഷ, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മിസോറം, മണിപ്പൂർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം.

അടച്ചിടൽ നിലവിൽ വന്നതിനുശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. രോഗവ്യാപനം, പ്രതിരോധ നടപടികൾ, തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനങ്ങളും ഉന്നയിക്കും. അതേസമയം ലോക്ക് ഡൗൺ വീണ്ടും നീട്ടണമെന്ന് ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.