തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കൊവിഡിന്റെ സമൂഹവ്യാപനമില്ലെന്നും ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വന്നതിൽ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ കാര്യത്തിൽ പ്രത്യേകം കരുതൽ വേണം.കേരളത്തിൽ ശാസ്ത്രീയമായാണ് പരിശോധന.മുൻഗണനാ ക്രമം നിശ്ചയിച്ചാണ് പരിശോധന നടത്തുന്നത്.കേരളത്തിന്റെ രീതിയാണ് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആർ.എൻ.എ പരിശോധനാ കിറ്റുകൾക്ക് കേരളത്തിലും ക്ഷാമമുണ്ട്. കൂടുതൽ പരിശോധന നടത്താനാണ് സംസ്ഥാനത്തിന്റെ തീരുമാനം - മന്ത്രി പറഞ്ഞു.
എവിടെ നിന്ന് വൈറസ് പകർന്നുവെന്ന് വ്യക്തതയില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചതോടെയാണ് സംസ്ഥാനത്ത് സമൂഹവ്യാപമുണ്ടെന്ന് സംശയത്തിന് ഇടനൽകിയത്. കേരളത്തിൽ ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ച 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാൻ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആകെ 25ലേറെപ്പേർക്ക് സംസ്ഥാനത്ത് രോഗം പകർന്നത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് മരിച്ച രോഗികളിൽ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി , പോത്തൻകോട്ടെ റിട്ട. എ.എസ്.ഐ കണ്ണൂരിൽ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുൾപെടെ 25 ലേറെപേരുടെ രോഗകാരണം വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളിൽ കുറച്ച് ആളുകളിൽ മാത്രം നടത്തിയ റാൻഡം പരിശോധനയിൽ കൊല്ലത്തും കോട്ടയത്തും ഓരോരുത്തർക്ക് കോവിഡ് നിർണയിച്ചതും ആശങ്ക ഉയർത്തന്നുണ്ട്.