പാറശാല: രണ്ടാഴ്ചമുമ്പ് വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം അയൽക്കാരനെ കുത്തിക്കൊന്നകേസിൽ പ്രതിയായ യുവാവിന്റെ പിതാവിനെ പൊലീസ് പിടികൂടി. പാറശാല ഇലങ്കം റോഡിൽ സുന്ദരനാണ് പിടിയിലായത്.ശനിയാഴ്ച രാത്രി 9.30 ന് വീടിന് സമീപം വച്ച് അയൽക്കാരനായ വെട്ടുവിള വീട്ടിൽ മണിയെ(മണിയൻ-47) വാക്കേറ്റത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സുന്ദരൻ. സുന്ദരന്റെ മകൻ സനുവും മണിയുമായുണ്ടായ വാക്കേറ്റത്തിനിടെ മണിയെ സനുവും പിതാവ് സുന്ദരനും ചേർന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പാറശാല പൊലീസ് പറഞ്ഞു. മണിയെ ആക്രമിക്കുന്നത് തടയാനായി ഓടിയെത്തിയ മണിയുടെ അനുജൻ ബിനുവിനും, ഇവരുടെ ബന്ധുക്കളായ അജിത്ത്, ഷിബു എന്നിവർക്കും പരിക്കേറ്റു. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവ ശേഷം ഒളിവിലായ സനു മുള്ളവിള സ്വദേശിയെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത് .ഇയാൾക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.