റിയാദ്: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ വൻതിരക്ക്. ഏപ്രിൽ 26 മുതൽ 30 വരെ എല്ലാ രാജ്യക്കാർക്കും എന്ന് അറിയിപ്പുണ്ടായതിനാൽ വിവിധ രാജ്യക്കാർ കൂട്ടമായെത്തി. ഫിലിപ്പീൻസ്, ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യക്കാർക്ക് ഏപ്രിൽ ഒന്നുമുതൽ അഞ്ചുദിവസം വീതം അനുവദിച്ചിരുന്നു. ഈ രാജ്യങ്ങളിലെ അന്ന് രജിസ്റ്റർ ചെയ്യാത്തവർക്കും ഈ ഘട്ടത്തിൽ അവസരമുണ്ട്.
രണ്ടായിരത്തോളം പേർ രജിസ്ട്രേഷൻ നടത്താനാവാതെ ഇന്നലെ മടങ്ങിയതായാണ് വിവരം. മഹബൂലയിലെ ലോക്ഡൗൺ പ്രദേശത്തുനിന്ന് വന്നവരും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരിലുണ്ട്. ഇവർക്ക് തിരിച്ച് താമസസ്ഥലത്തേക്ക് പോവാൻ കഴിയാത്ത സ്ഥിതിയുണ്ട്.
18 വയസിന് താഴെയുള്ളവർക്ക് വധശിക്ഷയില്ല
സൗദിയിൽ 18 വയസിന് താഴെയുള്ളവർക്ക് വധശിക്ഷ നിരോധിച്ചു ഉത്തരവായി. ഇവർ നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് ഇനി പരമാവധി 10 വർഷം വരെ ജുവനൈൽ ഹോമുകളിൽ തടവുശിക്ഷയാവും നൽകുക. സൗദിയിൽ കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും നിരോധിച്ചിരുന്നു. ചാട്ടവാറടിക്ക് പകരമായി തടവ് ശിക്ഷയോ പിഴയോ ഈടാക്കും.. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശ പ്രകാരമാണ് തീരുമാനം. ഇതോടെ ലോക്ക്ഡൗൺ കാലം മാറ്റങ്ങളുടെ കാലമായി സൗദി മാറുകയാണ്.
എണ്ണ വിലയിടിവ് ഒമാനെ വലിയ രീതിയിൽ ബാധിക്കില്ല
കൊവിഡ് മൂലം എണ്ണവിലയിലെ ഇടിവും സാമ്പത്തികരാഷ്ട്രീയ രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ഒമാനെ കുറഞ്ഞതോതിൽ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് സർവേ റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായ യൂറോമണി മാഗസിനാണ് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 174 രാഷ്ട്രങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ കൊവിഡിന്റ ആഘാതം കുറഞ്ഞ തോതിൽ മാത്രം ബാധിക്കുന്ന രാജ്യങ്ങളിൽ 47ാം സ്ഥാനത്താണ് ഒമാൻ.
സ്വിറ്റ്സർലൻഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്വീഡൻ, നെതർലൻഡ്സ്, ജർമനി, കാനഡ, എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. വിമാനം റദ്ദാക്കൽ, ടൂറിസം സീസൺ നഷ്ടപ്പെടൽ, ധനലഭ്യതയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഒമാനിലുണ്ട്. എന്നിരുന്നാലും പ്രതിസന്ധി മറികടക്കുന്നതിനുള്ള മതിയായ സാമ്പത്തിക ക്രമീകരണം ഒമാൻ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൊവിഡും എണ്ണ വിലയിലെ ഇടിവും ടൂറിസം, വാണിജ്യ മേഖലകളെയാകും കാര്യമായി ബാധിക്കുകയെന്ന് യൂറോമണി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതിസന്ധിയെ നേരിടാൻ ജി.സി.സി രാഷ്ട്രങ്ങൾ തയാറെടുക്കുകയാണ്. പ്രതിസന്ധിയുടെ തുടക്കകാലം മുതൽക്കേ വലിയ അളവിലുള്ള ധനകാര്യ ആശ്വാസ നടപടികളും സാമൂഹിക സുരക്ഷാ നടപടികളും പ്രഖ്യാപിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾക്ക് കഴിഞ്ഞതായും റിപ്പോർട്ട് പറയുന്നു.