
ജിദ്ദ: യമനിൽ അനുരജ്ഞനത്തിന് ഉണ്ടാക്കിയ 'റിയാദ് കരാർ' എത്രയും വേഗം നടപ്പിലാക്കി പൂർവസ്ഥിതി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് അറബ് സഖ്യം ആവശ്യപ്പെട്ടു. യമന്റെ താത്കാലിക തലസ്ഥാനമായ ഏദനിൽ കഴിഞ്ഞ ദിവസം ട്രാൻസിഷണൽ കൗൺസിൽ ഏകപക്ഷീയമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടർന്ന്, ഏദനിലും ദക്ഷിണ യമനിലെ പലയിടത്തും വീർപ്പ് മുട്ടൽ ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സഖ്യത്തിൻെറ ആവശ്യം.
ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങൾ നേതൃത്വം കൊടുക്കുന്ന അറബ് സഖ്യം തിങ്കളാഴ്ച രംഗത്തെത്തിയത്. യമനിലെ നിയമാനുസൃത സർക്കാരിന് രാഷ്ട്രീയമായും മറ്റുമുള്ള പിന്തുണ നൽകുന്നവരാണ് അറബ് സഖ്യവും അറബ് സഖ്യസേനയും. യമനിൽ അനുരജ്ഞനത്തിന് ഉണ്ടാക്കിയ റിയാദ് കരാറിന് വിരുദ്ധമായ യാതൊരു നീക്കവും ഉണ്ടാവരുതെന്നും സഖ്യം ആവശ്യപ്പെട്ടു. റിയാദ് കരാറിന് ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
യമനിലെ ഐക്യം സാദ്ധ്യമാക്കുക, ഭീകരതാ ഭീഷണി നിർമാർജനം ചെയ്യുക, രാജ്യത്തെ ഭരണ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാൻ റിയാദ് കരാർ നടപ്പാക്കേണ്ടത് ആവശ്യമാണ്. യമൻ ജനതയുടെ താല്പര്യങ്ങൾക്കായിരിക്കണം മറ്റെല്ലാ താല്പര്യങ്ങളെക്കാൾ പ്രാമുഖ്യം നൽകേണ്ടത്. സംഘർഷം ഉണ്ടാക്കുന്ന നീക്കങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ഇക്കാര്യങ്ങൾ നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കരാറിൽ ഒപ്പിട്ട വിവിധ കക്ഷികൾക്കുണ്ടെന്നും അറബ്സഖ്യം ഓർമപ്പെടുത്തി.
യമനിലെ നിയമാനുസൃത സർക്കാരിനെ പുനരവരോധിക്കുക, ഭീകര സായുധ സംഘങ്ങളെ അമർച്ച ചെയ്യുക, അട്ടിമറിയെ പരാജയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് റിയാദ് കരാർ നടപ്പാക്കണമെന്നും അറബ് സഖ്യം ചൂണ്ടിക്കാട്ടി.
കരാർ അനുശാസിക്കുന്നത് പ്രകാരം ഏദൻ ആസ്ഥാനമായി ഒരു 'പ്രാപ്തരുടെ സർക്കാർ' എത്രയും നിലവിൽ വരണമെന്നും അതിന്റെ കീഴിൽ ഇയ്യിടെയുണ്ടായ പ്രളയം, ഭീഷണിയുയർത്തുന്ന കൊവിഡ് എന്നിവയുടെ ആഘാതങ്ങളെ നേരിടുകയും സാമൂഹ്യ, സാമ്പത്തിക പുരോഗതിക്കായുയുള്ള പ്രവർത്തങ്ങൾ ഉടൻ തുടങ്ങുകയും വേണമെന്നും സഖ്യം ആവശ്യപ്പെട്ടു.