maple

ചൈനീസ് വാഹന നിർമ്മാതാക്കൾ ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ രൂപകൽപ്പന പകർത്തിയെടുക്കുന്നതിന് പേരുകേട്ടവരാണ്. ചൈനീസ് നിർമ്മാതാക്കൾക്കെതിരായ നിരവധി കോടതി കേസുകൾ ഇതിനോടകം നിലവിലുണ്ട്. എന്നിരുന്നാലും ലോകമെമ്പാടുമുള്ള ജനപ്രിയ വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതിൽ ചെറിയ മാറ്റം വരുത്തി നിരവധി വാഹനങ്ങൾ ചെെന ഇപ്പോഴും പ്രാദേശിക വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നു. നമ്മുടെ സ്വന്തം ടാറ്റ നെക്സോണിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു വാഹനവും ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്.

ഗീലി-കാൻഡി അനുബന്ധ കമ്പനിയായ ഫെങ്‌ഷെംഗ് ഓട്ടോമൊബൈൽസ് മേപ്പിൾ 30 എക്സ് ചൈനീസ് വിപണിയിൽ പുറത്തിറക്കി. പൂർണമായും ഇലക്ട്രിക് കാറായ ഇതിന് ഏകദേശം 7.5 ലക്ഷം രൂപയാണ് വില. ചൈനീസ് കമ്പനികൾ വില കുറഞ്ഞ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധരാണ്. ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പുതിയ ടാറ്റ നെക്‌സൺ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമാണ് ഇത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സൺ ഇവിയിലും ഇതേ ഡിസൈൻ കാണാം. കാറിന്റെ ബോണറ്റ് ലിഡും നെക്‌സണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. ഒറ്റനോട്ടത്തിൽ, മേപ്പിൾ 30 എക്‌സിന്റെ രൂപകൽപ്പന ടാറ്റ നെക്‌സണിനെക്കുറിച്ച് ഓർമ്മപ്പെടുത്തും.

പരമാവധി 70 കിലോവാട്ട് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് മേപ്പിൾ 30 എക്‌സിന് കരുത്ത് പകരുന്നത്. 306 കിലോമീറ്റർ റെെഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററികൾ 80% വരെ ചാർജ് ചെയ്യാൻ കഴിയുന്ന എക്സ്പ്രസ് ചാർജിംഗ് സംവിധാനവും ഇതിനുണ്ട്.പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റലിജന്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാർ വാഗ്ദാനം ചെയ്യുന്നു. പുതിയ കാർ ഉടൻ ചൈനീസ് വിപണിയിൽ ഉടൻ വിൽപ്പനയ്‌ക്കെത്തും. വിപണിയിലെ മേപ്പിൾ ബ്രാൻഡിൽ നിന്നുള്ള ആദ്യ കാറാണിത്.