covid

കണ്ണൂർ: കൊവിഡ് രോഗികളുടെ വിവരം കണ്ണൂരിൽ ചോർന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. പൊലീസ് അനാസ്ഥ കാരണമാണ് വിവരങ്ങൾ ചോർന്നതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. വിവരങ്ങൾ ചോർന്നത് ജില്ലാ കളക്ടർ സ്ഥിരീകരിച്ചു.

കണ്ണൂർ സൈബർ സെൽ വിഭാഗമാണ് ലിങ്ക് തയ്യാറാക്കിയത്. രോഗികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ മാപ്പിൽ ലഭ്യമാക്കിയിരുന്നു. മാപ്പ് തുറക്കാൻ പാസ് വേഡ് പോലും വേണ്ടിയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിവരം പുറത്തായതോടെ ലിങ്ക് ഡിലീറ്റ് ചെയ്തു. എങ്ങനെയാണ് ഇത് ചോർന്നതെന്ന് അന്വേഷിക്കുകയാണെന്ന് സൈബർ സെൽ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ എറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. നിലവിൽ 54 പേരാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 110 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക് വ്യക്തമാക്കുന്നത്. നിലവിൽ 2720 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 114 പേർ ആശുപത്രിയിലും, 2606 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

കാസർകോട്ടെ കൊവിഡ് രോഗികളുടെ വിവരങ്ങളും നേരത്തെ ചോർന്നിരിന്നു. കാസർകോട്ടെ കൊവിഡ് രോഗികളെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്നാണ് സൂചന.