man

ഭോപ്പാൽ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങിയതിനെതിരെ വ്യാപക വിമർശനം. നരോത്തം മിശ്രയാണ് ജന്മനാടായ ദാത്തിയയിൽ സന്ദർശനം നടത്തുകയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തത്. നിരവധി അനുയായികൾക്കൊപ്പം വീട്ടിലെത്തിയ നരോത്തം മിശ്രയെ തിലകം അണിയിച്ചാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. മധുരവിതരണവും നടത്തി. മാസ്‌ക് പോലും ധരിക്കാതെയാണ് മന്ത്രിയും പരിവാരങ്ങളും ചടങ്ങുകളിൽ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെയാണ് അദ്ദേഹം തന്റെ ഓഫീസിലും എത്തിയത്. മാസ്‌ക് ധരിക്കുന്നത് നിർബന്ധിതമാക്കിക്കൊണ്ട് നേരത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

കമൽനാഥ് മന്ത്രിസഭയെ അട്ടിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ് നരോത്തം മിശ്ര.
അതേസമയം മദ്ധ്യപ്രദേശിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 100 കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 2,090 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 145 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.