കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് നിർദ്ധന കുടുംബത്തിന്റെ ഓടിട്ട വീട് തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ ആലുംകുന്ന് കോളനിയിൽ സഫീനയുടെ വീടാണ് തകർന്നത്. മരം വീഴുമ്പോൾ സഫീനയുടെ മകൾ ഷബാനയും, കൊച്ചുമകൻ 5 വയസുള്ള ഹാരിസുമാണ് വീട്ടിലുണ്ടായിരുന്നത്. മരം വീഴുന്ന ശബ്ദം കേട്ട് ഉടൻ തന്നെ ഇവർ വീടിന് പുറത്തേക്കോടിയതിനാൽ അപകടം ഒഴിവായി. ഓടും മേൽക്കൂരയും തകർന്ന് ഭിത്തികൾക്ക് വിള്ളൽ സംഭവിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ് വീട്. വാർഡ് മെമ്പർ യമുന ബിജു വീട് സന്ദർശിക്കുകയും ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് വില്ലേജ് ഓഫീസിലും, പഞ്ചായത്തിലും ഇത് സംബന്ധിച്ച് പരാതി നൽകി.