thermal-scanner-

തിരുവനന്തപുരം : നാടാകെ കൊവിഡ് ഭീതിയിലും പ്രതിരോധ പ്രവർത്തനങ്ങളിലും മുഴുകുമ്പോൾ മിതമായ വിലയ്ക്ക് തെർമൽ സ്കാനറുൾപ്പെടെയുള്ള രോഗ നിർണയ ഉപകരണങ്ങളും രോഗികൾക്കാവശ്യമായ മരുന്നുകളും ലഭ്യമാക്കുകയാണ് എസ്.എ.ടി ആശുപത്രിയിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക്. മെഡിക്കൽ കോളേജ്,​ ആർ.സിസി,​ ശ്രീചിത്ര എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മിതമായ വിലയിൽ ജീവൻ രക്ഷാ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കിയിരുന്ന സ്ഥാപനമാണ് കൊവിഡ് കാലത്ത് കേരളത്തിന് തുണയായത്. സംസ്ഥാനത്ത് രോഗ പ്രതിരോധത്തിനായി തുണിമാസ്കെന്ന ആശയം ജയിൽ വകുപ്പ് മുഖാന്തിരം നടപ്പാക്കിയ ഇൻഹൗസ് ഡ്രഗ് ബാങ്ക് കഴിഞ്ഞദിവസം വരെ പത്ത് ലക്ഷം തുണിമാസ്കുകളാണ് വിറ്റഴിച്ചത്.

sat

ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന തരത്തിലുള്ള ഫേസ് മാസ്കുകളേക്കാൾ കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്കിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിലുള്ള ഓഡറുകളാണ് ഇൻഹൗസ് ഡ്രഗ് ബാങ്കിലെത്തുന്നത്. തുടക്കത്തിൽ 15 രൂപയ്ക്ക് വിറ്റഴിച്ചിരുന്ന മാസ്ക്ക് ഇപ്പോൾ 10 രൂപയ്ക്കാണ് വിൽപ്പന. കൊവിഡ് പ്രതിരോധത്തിനുള്ള സാനിട്ടൈസർ വിൽപ്പനയിലും ഇൻഹൗസ് ഡ്രഗ് ബാങ്ക് മുന്നിലായിരുന്നു. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ കഴിഞ്ഞദിവസം വരെ 9ലക്ഷത്തിലധികം ബോട്ടിൽ സാനിട്ടൈസറാണ് ഇവിടെ വിറ്റഴിഞ്ഞത്. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുളള തെർമൽ സ്കാനറിന്റെ വിൽപ്പനയും ഇവിടെ തകൃതിയാണ്. പതിനായിരം രൂപവരെ വിലയുണ്ടായിരുന്ന തെർമ്മൽ സ്കാനറുകൾ 5700 രൂപയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപങ്ങൾക്ക് കൂടി ലഭ്യമാക്കുന്നതിനായി 2250 തെർമൽ സ്കാനറുകളാണ് കഴിഞ്ഞദിവസം ഇവിടെ എത്തിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തെർമൽ സ്കാനർ അഥവാ ഇൻഫ്രാറെഡ് തെർമോമീറ്റർ വിതരണത്തിനായി രണ്ടാം തവണയാണ് ചൈനയിൽ നിന്നും എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെത്തുന്നത്. രണ്ടാഴ്ച മുമ്പാണ് കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ആയിരം ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ആദ്യമായി ഡ്രഗ് ബാങ്കിലെത്തുന്നത്. ആദ്യ ഘട്ടത്തിൽ സർക്കാർ ആശുപത്രികൾക്കും മറ്റ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്കും മാത്രമായി വില്പന പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നുമുതൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നും ഇവ ലഭ്യമാകും. കൊവിഡ് കാലത്തും പരിമിതികൾ മറികടന്ന് 24 മണിക്കൂറും ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പ്രവർത്തിച്ചുവരുന്നുണ്ട്.

രണ്ട് ഷിഫ്റ്റുകളായി 35 ജീവനക്കാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. മുഴുവൻ സമയവും പ്രവർത്തിക്കുന്നതിനാലും മരുന്നുകൾ വിലകുറച്ച് നൽകുന്നതുകൊണ്ടും ഫയർഫോഴ്സ് ഉൾപ്പെടെ ഇൻ ഹൗസ് ഡ്രഗ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്. പൊതുഗതാഗതം നിലച്ചതോടെ രോഗികൾക്കും വിവിധ ജില്ലകളിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ നിന്ന് ഇൻഹൗസ് ഡ്രഗ് ബാങ്കിലേക്കും മരുന്ന് എത്തിച്ച് നൽകുന്നതും അഗ്നിശമനസേനയാണ്. രോഗികൾക്ക് ആശ്വാസവിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിന് 1993ലാണ് ഇൻഹൗസ് ഡ്രഗ് ബാങ്ക് പ്രവർത്തനം തുടങ്ങിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,​ എസ്.എ.ടി ആശുപത്രി സൂപ്രണ്ട്,​നോർക്ക റൂട്ട്സ് ചെയർമാൻ എന്നിവരുൾപ്പെട്ട ഭരണസമിതിയാണഅ ഡ്രഗ് ബാങ്കിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.