vidya-balan

മാരകമായ കൊവിഡ് 19 ൽ രാജ്യത്ത് പട‌ർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മുൻനിരയിൽ പോരാടുന്ന ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും സഹായ ഹസ്തവുമായി ബോളിവുഡ് നടി വിദ്യാ ബാലൻ. 1000 പിപിഇ കിറ്റുകളാണ് വിദ്യാ ബാലൻ സംഭാവനയായി നൽകിയത്. ഇന്ത്യയിലുടനീളമുള്ള ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ സ്റ്റാഫുകൾക്കാണ് 1000 പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) കിറ്റുകൾ സംഭാവന ചെയ്യാൻ വിദ്യാ ബാലൻ തീരുമാനിച്ചത്. തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ, 1000 പിപിഇ കിറ്റുകൾ സംഭാവന ചെയ്തെന്നും 1000 എണ്ണത്തിന് കൂടി പണം സ്വരൂപിക്കുന്നതിനായി സെലിബ്രിറ്റി ഷൗട്ട് ഔട്ട് പ്ലാറ്റ്ഫോം ട്രിംഗുമായി സഹകരിക്കുമെന്ന് താരം പ്രഖ്യാപിച്ചു.

"കൊവിഡിനെതിരായ യുദ്ധത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകർ നമ്മുടെ ആരോഗ്യത്തിനും സ്വാതന്ത്ര്യത്തിനുമായി പോരാടുന്ന അതിർത്തിയിലെ സെെനികരെപ്പോലെയാണ്. നമ്മുടെ സൈനികർ യുദ്ധത്തിന് സജ്ജരാക്കുന്നതുപോലെ നമ്മുടെ മെഡിക്കൽ സ്റ്റാഫിനും സുരക്ഷ അത്യാവശ്യമാണ്. മുതിർന്ന ഡോക്ടർമാർ,നഴ്സുമാർ, എന്നീ ദൈനംദിന ജോലികളിൽ ഏർപ്പെടുന്നവർക്ക് പലയിടങ്ങളിലും കിറ്റുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. തൽഫലമായി, ധാരാളം ആശുപത്രികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നില്ല. ഇതിന് ഒരു മാറ്റം വരുത്താൻ എന്നോടൊപ്പം ചേരുക. രാജ്യത്തുടനീളമുള്ള ആശുപത്രി, മെഡിക്കൽ സ്റ്റാഫുകൾക്ക് ഞാൻ 1000 പിപിഇ കിറ്റ്സ് സംഭാവന ചെയ്യുന്നു. മറ്റൊരു 1000 എണ്ണത്തിനായി പണം സ്വരൂപിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു ” എന്ന് താരം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ട്രിംഗിലൂടെ നൽകുന്ന സംഭാവനകൾക്കായി, ഓരോ ദാതാവിനും നന്ദി അറിയിച്ചു വീഡിയോ സന്ദേശം അയയ്ക്കും. ഓരോ പി‌പി‌ഇ കിറ്റിനും 650 രൂപ വിലയുണ്ട്. വിദ്യയുടെ ഈ സംരഭത്തിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി. പ്രാരംഭ ലക്ഷ്യത്തിന്റെ ഇരട്ടിയായ 2500 കിറ്റുകൾക്കുള്ള പണം സ്വരൂപിച്ചതായി വിദ്യ മറ്റൊരു വീഡിയോയിൽ പറഞ്ഞു. പ്രചാരണത്തിനായി സംഭാവന നൽകിയവർക്ക് അവർ നന്ദി പറഞ്ഞു, കുറച്ച് സമയം കൂടി ധനസമാഹരണം സജീവമായിരിക്കുമെന്നും വിദ്യ കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു.