സർക്കാർ ആലോചിച്ചുറപ്പിച്ചശേഷം കൈക്കൊള്ളുന്ന ഒരു തീരുമാനവും പിന്നീടുണ്ടാകുന്ന വിവാദങ്ങളുടെ പേരിൽ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഉചിതം തന്നെ. അനാവശ്യ വിവാദങ്ങളുടെ പേരിൽ വളരെയധികം നഷ്ടം നേരിടേണ്ടിവന്ന സംസ്ഥാനമാണു കേരളം. ഈ ദുരവസ്ഥയ്ക്ക് ഏതെങ്കിലും ഒരു പാർട്ടിയോ മുന്നണിയോ മാത്രമല്ല കാരണക്കാർ. ഇരുകൂട്ടർക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ഏറെക്കാലമായി രണ്ടു മുന്നണികളുമാണല്ലോ മാറിമാറി സംസ്ഥാന ഭരണം കൈയാളുന്നത്. ഭരണത്തിലിരിക്കെ ഒരു സമീപനവും പ്രതിപക്ഷത്താകുമ്പോൾ എതിരിടലിന്റെ സമീപനവുമാണല്ലോ മുന്നണികളുടെ പൊതു സ്വഭാവം. സംസ്ഥാനത്തിന്റെ വികസന മുരടിപ്പിനും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും പ്രധാന കാരണവും ഇതാണ്. ഏതു വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോഴും അനാവശ്യമായ വിവാദങ്ങളിൽപ്പെടുത്തി അതു തടയാനുള്ള പ്രവണത എന്നും ഉണ്ടായിട്ടുണ്ട്. കഥയില്ലാത്തതും രാഷ്ട്രീയപ്രേരിതവുമായ വിവാദങ്ങളിൽപെട്ട് ഉപേക്ഷിക്കേണ്ടിവന്ന വികസന പദ്ധതികൾ ഉണ്ട്. തുടങ്ങിവച്ച പദ്ധതികൾ രൂക്ഷമായ എതിർപ്പുകളെത്തുടർന്ന് പാതിവഴിയിൽ കിടന്നുപോയതിനും ഉദാഹരണങ്ങളുണ്ട്. വികസന പദ്ധതികളുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കാകണം പ്രഥമ പരിഗണന നൽകേണ്ടതെന്നും അവസരം കിട്ടുമ്പോഴൊക്കെ നേതാക്കൾ പറയും. എന്നാൽ രാഷ്ട്രീയ ലാഭത്തിൽ കണ്ണുവയ്ക്കേണ്ട ഘട്ടമെത്തുമ്പോൾ വികസന കാര്യങ്ങൾ സംബന്ധിച്ച നയസമീപനങ്ങൾ പാടേ തിരിച്ചുവയ്ക്കാൻ ഒരു മടിയും കാണിക്കുകയുമില്ല.
കൊവിഡ് മഹാമാരി രാജ്യത്തെ അപ്പാടെ തളർത്തിയിട്ടിരിക്കുകയാണെങ്കിലും കേരളത്തിൽ വിവാദ വ്യവസായത്തിന് ഒരു തളർച്ചയുമില്ല. നാൾക്കുനാൾ അത് തഴച്ചു വളർന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ സൃഷ്ടിച്ച മരവിപ്പ് ഒരു തരത്തിലും ബാധിക്കാത്തത് രാഷ്ട്രീയത്തിലാണെന്നു തോന്നുന്നു. അത്യാവശ്യ കാര്യങ്ങൾക്കു പോലും മനുഷ്യർ പുറത്തിറങ്ങാൻ മടിക്കുന്ന ഈ നാളുകളിലും ധർണയ്ക്കും സമരത്തിനും ഇറങ്ങാൻ അവർക്ക് ഒരു മടിയുമില്ല.
'നാം മുന്നോട്ട്" എന്ന പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന അനാവശ്യ വിവാദങ്ങളെക്കുറിച്ചും താൻ അതിനെ നേരിട്ടുകൊണ്ട് മുന്നോട്ടുപോകാൻ തന്നെയാണു തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞത്. കൊവിഡ് അപരിഹാര്യമായ നഷ്ടം സംസ്ഥാനത്തിനു വരുത്തിവച്ചു എന്നത് വാസ്തവമാണ്. എങ്കിലും ഇപ്പോഴത്തെ സ്ഥിതി മാറുന്നതോടെ സംസ്ഥാനത്തിനു മുന്നിൽ അപാരമായ സാദ്ധ്യതകളും അത് തുറന്നിടുന്നുണ്ട്. ഈ സാദ്ധ്യതകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ഇല്ലാതാക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ അർത്ഥത്തിലും പിന്തുണ അർഹിക്കുന്നതാണ്. ഏതു ദുരന്തവും അവസരമാക്കി മാറ്റാൻ കഴിയും. പ്രായോഗിക ബുദ്ധിയോടെ കരുക്കൾ നീക്കണമെന്നു മാത്രം. മഹായുദ്ധങ്ങളിൽ എല്ലാം നശിച്ചിട്ടും രാജ്യങ്ങൾ ലോകശക്തികളായി വളർന്നു വികസിച്ചില്ലേ? കൊവിഡ് മഹാമാരിയുടെ ഉത്ഭവം ചൈനയിലായിട്ടും അതിലൂടെ പിന്നീട് എത്ര വലിയ നേട്ടമാണ് ആ രാജ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ലോകമാകെ കൊവിഡ് പടർന്നുപിടിച്ച ആദ്യ രണ്ടാഴ്ചയ്ക്കിടെ മെഡിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്ത് ചൈന നേടിയത് 11,000 കോടി രൂപയാണ്. ഇപ്പോഴും പരിശോധനാ കിറ്റുകളടക്കം (നിലവാരത്തിൽ പിന്നാക്കമാണങ്കിൽപോലും) കോടാനുകോടികളുടെ കയറ്റുമതിയാണു നടക്കുന്നത്. കൊവിഡ് മൂലം 3400 ലധികം പേർ മരിച്ച ചൈനയിലെ വുഹാനിൽ ലോക്ക് ഡൗൺ 74 ദിവസമാണു നീണ്ടുനിന്നത്. ലോക്ക് ഡൗൺ പിൻവലിച്ച ഉടനെ അവർ ആദ്യം ചെയ്തത് ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചതാണ്. മൂന്നു മാസം മുൻപുള്ള സ്ഥിതിയിലേക്ക് ചൈന മടങ്ങിയെത്തിക്കഴിഞ്ഞു എന്നാണു റിപ്പോർട്ടുകൾ.
കൊവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയ്ക്കിടയിൽത്തന്നെയാണ് സ്വപ്നപദ്ധതികളിലൊന്നായ അതിവേഗ റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ടുപോകാനുള്ള ഉറച്ച തീരുമാനമെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് നാലുമണിക്കൂർ കൊണ്ട് കാസർകോട്ട് എത്താനാവുന്ന അതിവേഗ റെയിൽ പാതയുടെ നിർമ്മാണം അഞ്ചുവർഷം കൊണ്ടു പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 64000 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിനു സമർപ്പിക്കാനിരിക്കുകയാണ്. പാതയുടെ അന്തിമ അലൈൻമെന്റ് ആയിക്കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്തിന്റെ വികസന പാതയിൽ അത് അഭൂതപൂർവമായ നേട്ടമാകുമെന്നതിൽ സംശയമില്ല. അനാവശ്യമായ എതിർപ്പുകൾ മൂലം നഷ്ടപ്പെടുത്തിയ എക്സ്പ്രസ് വേയ്ക്കു പകരം വയ്ക്കാനാവുന്നതാണ് ഈ അതിവേഗ റെയിൽ പദ്ധതി. ഉയർന്ന നിർമ്മാണച്ചെലവും മറ്റും ചൂണ്ടിക്കാട്ടി ഇതിനെയും എതിർക്കാൻ നിക്ഷിപ്ത താത്പര്യക്കാർ ഉണ്ടായിക്കൂടെന്നില്ല. ഇപ്പോഴേ ചില മുരൾച്ചയും അടക്കം പറച്ചിലുമൊക്കെ കേട്ടുതുടങ്ങിയിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തിൽ വേണം വിവാദങ്ങളുടെ പേരിൽ ശരിയായ തീരുമാനങ്ങളിൽ നിന്ന് സർക്കാർ ഇനി പിന്നോട്ടുപോവുകയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കാൻ.
വെറുതേ തടസങ്ങളുണ്ടാക്കി ദേശീയ പാത വികസനം ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിനകം നമ്മൾ നഷ്ടമാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തുകഴിഞ്ഞു. വർഷങ്ങൾക്കു മുമ്പേ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാക്കേണ്ടതായിരുന്നു. വൈപ്പിനിലെ ഐ.ഒ.സി എൽ.പി.ജി ടെർമിനൽ നിർമ്മാണം ഇനിയും തീരാത്തതിനു പിന്നിലും കഥയറിയാതുള്ള തടസവാദങ്ങളായിരുന്നു. ഇതുപോലുള്ള എത്രയെത്ര പദ്ധതികളാണ് ശാപമോക്ഷവും കാത്ത് കിടക്കുന്നത്.
മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കു നടുവിൽ പതിനായിരക്കണക്കിനു പ്രവാസികൾ തിരികെ നാട്ടിലേക്കു വരാനിരിക്കുകയാണ്. ഇവരുടെ പുനരധിവാസം സംസ്ഥാനത്തിനു വലിയ വെല്ലുവിളിയാണ് ഉയർത്താൻ പോകുന്നത്. വികസന പദ്ധതികൾ വൻതോതിൽ ആവിഷ്കരിച്ചു നടപ്പാക്കുന്നതിലൂടെ വേണം ഇതിനുള്ള വഴി സുഗമമാക്കാൻ. മടങ്ങിയെത്തുന്ന പ്രവാസികളുടെ ഓരോ തുറയിലുള്ള വൈദഗ്ദ്ധ്യവും നിക്ഷേപവും പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ കണ്ടെത്തണം. പണം മുടക്കാൻ സന്നദ്ധരായി എത്തുന്നവരെ വെള്ളം കുടിപ്പിക്കുന്ന സമീപനം ഒരിടത്തുനിന്നും ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുകയും വേണം. അത്തരം ദുരനുഭവങ്ങൾ ഏറെ ഉണ്ടായിട്ടുള്ള നാടാണിത്. വിവാദങ്ങൾ സൃഷ്ടിച്ച് വികസന പദ്ധതികൾ തകർക്കാൻ ശ്രമിക്കുന്നവർ ജനങ്ങളുടെ മനോഭാവം എന്താണെന്നുകൂടി മനസിലാക്കണം. വിവാദങ്ങളല്ല, സംസ്ഥാനത്തിന്റെ വളർച്ചയിൽ മാത്രമാണ് അവർക്കു താത്പര്യമെന്ന് അറിയണം.