തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച് നൈജീരിയൻ പ്രവാസിയുടെ നാടൻപാട്ട് വൈറലാകുന്നു. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും നൈജീരിയയിൽ ഓയിൽ ആന്റ് ഗ്യാസ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ എഞ്ചിനിയറുമായ വിളപ്പിൽശാല പേയാട് ന്യൂലാന്റിൽ ആഷറാണ് സോഷ്യൽ മീഡിയയിൽ തരംഗമായ പ്രവാസിപ്പാട്ടിന് പിന്നിൽ.
കൊവിഡ് പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികൾ ഒന്നൊന്നായി എടുത്ത് പറഞ്ഞും അതിന്റെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ നൈജീരിയൻ കർഷക കുടുംബത്തോടൊപ്പമുള്ള ചുവടുകളിൽ ഉൾപ്പെടുത്തിയുമാണ് വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. നമ്മുടെ നാട്ടിലും വന്നേ, കൊറോണയെന്നോരു വൈറസ്.... എന്ന് തുടങ്ങി കേരളത്തിന്റെ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ കൊവിഡിനെ നാടുകടത്തുന്നത് വരെയുള്ള കാര്യങ്ങളാണ് മൂന്ന് മിനിട്ട് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ് , ഫയർഫോഴ്സ് , ആരോഗ്യ പ്രവർത്തകർ , സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മുഴുവൻ പ്രവർത്തനങ്ങളെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കൂട്ടായി നടത്തിയ പ്രവർത്തനങ്ങൾക്കും ലോക്ക് ഡൗൺ നിർദേശങ്ങൾ വീട്ടിലിരുന്ന് രോഗ പ്രതിരോധത്തിന് സഹായിച്ച മലയാളികൾക്കുമുള്ള ആദരവായാണ് മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോ ആഷർ ചിത്രീകരിച്ചത്. രോഗപ്രതിരോധത്തിന് ലോക്ക് യു ട്യൂബിലും ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും പാട്ട് വൈറലായതോടെ ആഷറിന് നാട്ടിൽ നിന്നും പ്രവാസിലോകത്ത് നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.