തിരുവനന്തപുരം: ലോക്ക് ഡൗണിൽ നഷ്ടപ്പെട്ട വേദികളെ കുറിച്ച് ഓർക്കാറില്ല നർത്തകി സംഗീത അയ്യർ. നൊമ്പരപ്പെടുന്നത് തെരുവിൽ പട്ടിണിയിലായ നായ്ക്കളെ ഓർത്താണ്. കോട്ടയ്ക്കകത്തെ തെരുവു നായ്ക്കൾ സന്ധ്യമയങ്ങിയാൽ കാത്തിരിക്കുന്നതും ആ പാൽക്കാരിയുടെ വരവിനാണ്. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ പട്ടിണിയിലായ നായ്ക്കൾക്ക് ഇപ്പോൾ അത്താഴമായി ലഭിക്കുന്നത് വയറുനിറയെ പാലും ബിസ്കറ്റും. തിരുവനന്തപുരം കോർപറേഷനിൽ ഫോർട്ട് വാർഡിലെ കൗൺസിലറായ ആർ. സുരേഷാണ് സംഗീതയുടെ ഭർത്താവ്. ഇതും ഒരു പൊതുപ്രവർത്തനമായി കാണാനാണ് സുരേഷിന് ഇഷ്ടം.
എല്ലാവരുടെ വീട്ടിലും ലോക്ക് ഡൗണിൽ ചെലവ് കുറഞ്ഞപ്പോൾ, ഇവരുടെ വീട്ടിൽ ചെലവ് ഏറുകയാണ് ചെയ്തത്. ദിവസവും പന്ത്രണ്ടു ലിറ്റർ പാൽവരെ വേണ്ടിവരും. നാല്പതോളം പായ്ക്കറ്റ് ബിസ്കറ്റും വേണം നായ്ക്കളെ ഊട്ടാൻ.
രാത്രിയിൽ അന്നംതരുന്ന സംഗീതയുമായി സൗഹൃദത്തിലാണ് അറുപതിലേറെ തെരുവ്നായ്ക്കൾ. ആദ്യം ബിസ്കറ്റ്. അതുകഴിഞ്ഞാൽ പാത്രങ്ങൾ നിരത്തി പാൽ ഒഴിച്ചുവയ്ക്കും. ഒഴിഞ്ഞ പാത്രങ്ങൾ തിരിച്ചെടുത്ത് സംഗീതയും സുരേഷും സ്കൂട്ടറിൽ അടുത്ത തെരുവിലേക്ക്. അവിടെയും കാത്തിരിപ്പുണ്ട് ഇവരുടെ വരവിനായി തെരുവ്നായ്ക്കൾ.
പാലക്കാട് കല്പാത്തിയിൽ നിന്ന് വധുവായി കോട്ടയ്ക്കകത്തെ അഗ്രഹാരിത്തിലെത്തുംമുമ്പേ സംഗീത തുടങ്ങിയതാണ് തെരുവ് നായ്ക്കളുടെ സംരക്ഷണം. ബംഗളൂരുവിൽ കഴിഞ്ഞ വേളയിൽ ഓടയിലൂടെ ഒഴുകിവന്ന ഒരു പട്ടിക്കുട്ടിയെ രക്ഷിച്ചുകൊണ്ടായിരുന്നു തുടക്കം. ഭർതൃഗൃഹത്തിലെത്തിയപ്പോൾ കണ്ടത് അഗ്രഹാരത്തിലെ കുട്ടികൾ തെരുവ്നായ്ക്കളെ കല്ലെറിഞ്ഞ് ഓടിക്കുന്നതാണ്.
ഒരു ദിവസം നാട്ടുകാർ വേട്ടയാടിയ ഗർഭിണിയായ നായയ്ക്ക് വീടിനുള്ളിൽ അഭയം നൽകിയായിരുന്നു ഇവിടത്തെ തുടക്കം. അതിന് ഏഴു കുട്ടികൾ. വിശേഷം ഫേസ് ബുക്കിൽ പങ്കുവച്ചു. അഗ്രഹാരത്തിൽ പട്ടിയോ? നാട്ടുകാരിൽ പലരും ചോദ്യമുനയെറിഞ്ഞു. പക്ഷേ,ഏഴിനെയും ദത്തെടുക്കാൻ ആളുണ്ടായി.
ലോക്ക് ഡൗണിനിടെ പദ്മനഗറിൽ നിന്ന് കിട്ടിയത് മിഴിചിമ്മിത്തുടങ്ങിയ നാലു പട്ടിക്കുട്ടികളെയാണ്. അവയും സംഗീതയുടെ വീട്ടിൽ അന്തേവാസികളായി.
അവിടെ രമണി, മാളവിക, വർഷ, ലക്കി, ബ്ലാക്കി, ബ്രൗസിയുമൊക്കെയുണ്ട്.
പ്രതിരോധ കുത്തിവയ്പ് നൽകിയും വന്ധ്യംകരിച്ചുമാണ് നായ്ക്കളെ സംരക്ഷിക്കുന്നത്.