ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണവും മരണവും വർദ്ധിച്ചു വരികയാണ്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 27,892 ആണ്. 872 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ കൊവിഡ് തീവ്രത കൂടിയ സംസ്ഥാനങ്ങളിലൂടെ
ഗുജറാത്ത്
ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 3,301 ആയി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 230 പുതിയ കേസുകളാണ്. ഇതിൽ 178 എണ്ണം അഹമ്മദാബാദിലും 30 എണ്ണം സൂറത്തിലുമാണ്. ആനന്ദിൽ ഇന്നലെ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്കോട്ടിലും വഡോദരയിലും നാല് വീതവും ഗാന്ധിനഗറിൽ രണ്ടും പഠാൻ, നവ്സരി, ഖേദ, ബനസ്കാന്ദ എന്നിവിടങ്ങളിൽ ഒന്ന് വീതവും കേസുകൾ റിപ്പോർട്ട് ചെയ്തു. 18 പേർക്കാണ് കഴിഞ്ഞ ദിവസം ഗുജറാത്തിൽ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.
18 മരണവും രേഖപ്പെടുത്തിയിരിക്കുന്നത് അഹമ്മദാബാദിലാണ്. 31 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. ഇതോടെ ഗുജറാത്തിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 313 ആയി. മാർച്ച് 23 മുതൽ ആകെ 151 പേരാണ് ഗുജറാത്തിൽ മരിച്ചത്. ഗുജറാത്തിൽ കൊവിഡ് മരണം കൂടാൻ കാരണം ചൈനയിലെ വുഹാനിൽ കാണപ്പെട്ട പോലുള്ള എൽ - ടൈപ്പ് വൈറസിന്റെ സാന്നിദ്ധ്യമാകാമെന്ന് ഗവേഷകർ പറയുന്നു.
എന്നാൽ ഇത് ഇതേവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഗുജറാത്ത് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് നിഗമനം. ഒരു രോഗിയുടെ സാമ്പിളിൽ നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ് എൽ - ടൈപ്പ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. അഹമ്മദാബാദ് ഉൾപ്പെടെ കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ എൽ - ടൈപ്പ് വൈറസുകളെ സാന്നിദ്ധ്യം ഉണ്ടാകാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സാധാരണ എസ് - ടൈപ്പ് വൈറസുകളേക്കാൾ കൂടുതൽ അപകടകാരികളാണ് എൽ - ടൈപ്പ് വൈറസുകൾ.
ഡൽഹി
കഴിഞ്ഞ 24 മണിക്കൂറിനിടെ 293 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,918 ആയി. ഇതിൽ 877 പേർക്ക് രോഗം ഭേദമായി. 54 പേരാണ് ഇതേവരെ ഡൽഹിയിൽ മരിച്ചത്. ഡൽഹി സെൻട്രലിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപകമാകുന്നത് ആശങ്കകൾക്കിടയാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗിന് ഡൽഹി സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. അംബേദ്കർ ആശുപത്രിയിൽ ആറ് ഡോക്ടർമാർക്കും 20 നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. പട്പട്ഗഞ്ച് മാക്സിൽ രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് മലയാളി നഴ്സുമാർ ഉൾപ്പെടുന്നു.
മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 കേസുകളാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 8,068 ആയി. 19 പേർ കഴിഞ്ഞ ദിവസം മരിച്ചതോടെ ആകെ മരണ സംഖ്യ 342 ആയി. മുംബയ് നഗരത്തിൽ മാത്രം 324 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ചവരിൽ 13 പേർ മുംബയിൽ നിന്നുള്ളതാണ്. മുംബയിലെ ആകെ രോഗബാധിതരുടെ എണ്ണം 5,194 ആണ്. 204 പേരാണ് മുംബയിൽ ഇതേ വരെ കൊവിഡ് ബാധിച്ച് മരിച്ചത്.
പൂനെ ജില്ലയിൽ ഇതേ വരെ 1,264 കൊവിഡ് കേസുകളും 77 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 72 കേസുകൾ റിപ്പോർട്ട് ചെയ്ത താനെ ജില്ലയിൽ ആകെ കേസുകളുടെ എണ്ണം 687 ആയി. 34 പുതിയ കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ ധാരാവിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ധാരാവിയിൽ ഇതേവരെ സ്ഥിരീകരിച്ച 275 കേസുകളിൽ 14 പേർ മരണത്തിന് കീഴടങ്ങി. അതേ സമയം, ധാരാവിയ്ക്ക് സമീപം മാഹിം, ദാദർ എന്നിവിടങ്ങളശിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല.
മുംബയിൽ രോഗം സ്ഥിരീകരിച്ച മാദ്ധ്യമപ്രവർത്തകരിൽ 31 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇവർ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ഗ്രേറ്റർ മുംബയ് മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 53 മാദ്ധ്യമപ്രവർത്തകർക്കാണ് ഇതേവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. അതേ സമയം, മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേർക്കും രോഗം ലക്ഷണം ഇല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
തമിഴ്നാട്
തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് പുതിയ 64 കൊവിഡ് കേസുകൾ. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,885 ആയി. 24 പേരാണ് ഇതേവരെ സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. 303 കേസുകൾ റിപ്പോർട്ട് ചെയ്ത ചെന്നൈയിലാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 133 കേസുകളുമായി കോയമ്പത്തൂരാണ് തൊട്ടുപിന്നിലുള്ളത്.
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വ്യാപകമായി ഉയർത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 7495 സാമ്പിളുകളാണ് തമിഴ്നാട്ടിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളവുമായി അതിർത്തി പങ്കിടുന്ന കോയമ്പത്തൂർ, ഈറോഡ്, തേനി, തിരുപ്പൂർ, തെങ്കാശി, കന്യാകുമാരി തുടങ്ങിയ ജില്ലകളെല്ലാം ഹോട്ട്സ്പോട്ട് വിഭാഗത്തിലാണ്. ഹോട്ട്സ്പോർട്ട് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് സാമൂഹ്യവ്യാപനമുണ്ടെന്ന ആരോപണം പലഭാഗത്ത് നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ കൂട്ടിയിരിക്കുന്നത്.