തിരുവനന്തപുരം: ഒന്നരമാസത്തെ ലോക്ക് ഡൗണിനിടെ കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ കഴിഞ്ഞദിവസം ഇളവുകൾ പ്രഖ്യാപിച്ചതോടെ നഗരത്തിലെ റോഡുകളിൽ വാഹനപ്പെരുപ്പം. വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രിക്കാൻ പാടുപെട്ട പൊലീസ് പിന്നീട് റാൻഡം ചെക്കിംഗിലേക്ക് മാറി. സംശയം തോന്നിയ ചിലരെയും മാസ്‌ക് ധരിക്കാത്തവരെയും മാത്രം പിടിച്ചുനിറുത്തി പരിശോധിച്ചു. വാഹനത്തിരക്കേറിയതോടെ കഴിഞ്ഞ ഒരുമാസമായി ഒാഫ് മോഡിലായിരുന്ന ജംഗ്ഷനുകളിലെ സിഗ്നലുകളും ഇന്നലെ മിഴിതുറന്നു. ലോക്ക് ഡൗണിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ സിഗ്നലുകൾ മിന്നിയിരുന്നത് വേഗത നിയന്ത്രണ സൂചകമായ ആംബർ മോഡിലായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം വഴയില, വെട്ടുറോഡ്, മുക്കോല, മരുതൂർ, പ്രാവച്ചമ്പലം, കുണ്ടമൺകടവ് റോഡ് തുടങ്ങിയവയെല്ലാം അടച്ചിരുന്നു. ഇന്നലെ ഇതെല്ലാം യാത്രയ്ക്ക് തുറന്നുകൊടുത്തു. ലോക്ക് ഡൗൺ വ്യവസ്ഥകളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പലവിധ ആവശ്യങ്ങളുമായി വീടുകളിലിരുന്നവർ നിരത്തിലേക്കിറങ്ങിയതാണ് തിരക്കിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേരും ആശുപത്രിയിലേക്കും മരുന്നുകൾ വാങ്ങാനെന്നും പറഞ്ഞാണ് എത്തുന്നത്. കടകൾക്ക് നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതും കൂടുതൽ കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതും ജനങ്ങളെ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലെത്തുമെന്നാണ് പൊലീസിന്റെ ആശങ്ക.