shops

തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങളിൽ ഇളവുണ്ടെങ്കിലും പ്രവർത്തിക്കാനാകാതെ വ്യാപാരികൾ. ഏതൊക്കെ കടകൾ, എപ്പോഴൊക്കെ,​ എവിടെയൊക്കെ തുറക്കണമെന്ന സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് കുഴപ്പിക്കുന്നത്. ഹോട്ട് സ്പോട്ടുകൾ ദിവസേന മാറുന്നതും പ്രശ്നമാണ്. കടയുടമകൾക്ക് മാത്രമല്ല അത്യാവശ്യത്തിന് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കും ഇത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

റെഡ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ ഞായറാഴ്ച മൊബൈൽ, ഇലക്ട്രിക് ഷോപ്പുകൾ തുറക്കാം. വ്യാഴം, ഞായർ ദിവസങ്ങളിൽ വർക്ക് ഷോപ്പുകളും കണ്ണട കടകളും,​ തിങ്കളാഴ്ച ഫ്രിഡ്ജ്,​ വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകളും തുറക്കാം. ബാർബർ ഷോപ്പുകൾ,തീയേറ്ററുകൾ,സ്വർണ്ണ കടകൾ, വൻകിട വസ്ത്രവ്യാപാരശാലകൾ എന്നിവ തുറക്കരുതെന്നുമാണ് ഉത്തരവ്.

എന്നാൽ,​ പുതിയ ഉത്തരവിൽ ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ടിന് കീഴിൽ വരുന്ന കടകളെല്ലാം തുറക്കാമെന്നും മൾട്ടിബ്രാൻഡ് മാളുകളിലെ കടകൾക്ക് ഇൗ ആനുകൂല്യമില്ലെന്നും പറയുന്നു. അപ്പോൾ നേരത്തെയുള്ള ഉത്തരവിന് പ്രസക്തിയുണ്ടോ എന്നാണ് വ്യാപാരികളുടെ സംശയം. ഇൗ ആശയക്കുഴപ്പം പൊലീസിനുമുണ്ട്. മാത്രമല്ല പുതിയ ഉത്തരവിൽ കടകൾ തുറന്ന് പ്രവർത്തിക്കേണ്ട സമയത്തെക്കുറിച്ച് പറയുന്നുമില്ല. അതേ സമയം,​ ടേക്ക് എവെ റെസ്റ്റോറന്റുകൾക്ക് രാത്രി പത്തുവരെ പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.