ദുബായ്: കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടുന്ന യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായി അജ്മാനിലെ മൂന്ന് വയസുകാരി. മാതാപിതാക്കളായ ശ്യാം, ഗീത എന്നിവരോടൊപ്പം മൂന്ന് വയസുകാരിയായ നിവേദ്യയും കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. അവരുടെ മറ്റൊരു മകൾ അഞ്ച് വയസുള്ള നവമി കൊവിഡ് നെഗറ്റീവ് ആയിരുന്നു. മൂവരെയും അജ്മാനിലെ ആമിന ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വരികയായിരുന്നു.
നിവേദ്യയിൽ കൊവിഡ് തുടക്ക ഘട്ടത്തിൽ ആയിരുന്നു. അതിനാൽ വളരെ വേഗം സുഖം പ്രാപിച്ചു. കൊച്ചു കുട്ടിയാണെങ്കിലും സ്റ്റാഫുകളുമായി അങ്ങേയറ്റം സഹകരിക്കുകയും എല്ലാ നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്തതായി ശിശുരോഗവിദഗ്ദ്ധനും ഫിസിഷ്യനുമായ ഡോ.ജെന്നി ജോൺ ചെറിയാത്ത് പറഞ്ഞു.
ആശുപത്രിയിൽ കുടുംബത്തിന് ക്ലിനിക്കൽ പരിചരണവും മാനസിക പിന്തുണയും അധികൃതർ ഉറപ്പുവരുത്തിയെന്നും ഡോ. ജെന്നി കൂട്ടിച്ചേർത്തു. മാതാപിതാക്കൾ രണ്ടുപേർക്കും കടുത്ത പനി, ചുമ, തലവേദന എന്നിവയുണ്ടായിരുന്നതായി ഇന്റേണൽ മെഡിസിൻ ആൻഡ് ട്രീറ്റിംഗ് ഫിസിഷ്യൻ ഡോ. മുഹമ്മദ് ഖാലിദ് പറഞ്ഞു.ന്യുമോണിയയുടെ ചെറിയ ലക്ഷണങ്ങളും ഉണ്ടായിരുന്നു.എന്നാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാനായതിനാൽ കൂടുതൽ സങ്കീർണതകളില്ലാതെ വേഗത്തിൽ സുഖം പ്രാപിച്ചു.