kudumbasree

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ തിരക്കിലാണ് കുടുംബശ്രീ മിഷൻ. വൈറസിനെതിരായ പടനീക്കത്തിൽ മുന്നിൽത്തന്നെയുണ്ട് സംസ്ഥാനത്തെ 43 ലക്ഷത്തോളം വരുന്ന കുടുംബശ്രീ പ്രവർത്തകർ.

കൊവിഡിനെപ്പറ്റിയുള്ള സർക്കാർ നിർദ്ദേശങ്ങൾ സമൂഹത്തിലെത്തിക്കാൻ 22.5 ലക്ഷം അയൽക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി തുടക്കത്തിൽത്തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു. മാനസികമായി പിന്തുണ ആവശ്യമുള്ള ഒരു ലക്ഷത്തിലധികം ആളുകൾക്ക് കൗൺസലിംഗും നൽകി. കമ്മ്യൂണിറ്റി കൗൺസലർമാരും സ്നേഹിത കേന്ദ്രം പ്രവർത്തകരുമാണ് ഇതിന് നേതൃത്വം നൽകിയത്.

കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും വഴി പതിനായിരങ്ങൾക്ക് ഭക്ഷണം നൽകുന്നതിനു പുറമേ സംസ്ഥാനത്തെ കൊറോണ കെയർ സെന്ററുകളിൽ ദിവസവും കാൽലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ എത്തിക്കുന്നതും കുടുംബശ്രീ പ്രവർത്തകരാണ്.

കുടുംബശ്രീ അംഗങ്ങൾക്കായുള്ള സഹായഹസ്തം വായ്പാപദ്ധതിയിൽ 35 ലക്ഷത്തിലധികം പേരാണ് അപേക്ഷിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അവർക്ക് ബാങ്കുകൾ വായ്പ നൽകിത്തുടങ്ങും. ലോക്ക് ഡൗൺ കഴിഞ്ഞാൽ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തരാവുക എന്ന ലക്ഷ്യത്തോടെ ഒരു ലക്ഷത്തോളം വരുന്ന ജെ.എൽ.ജി ഗ്രൂപ്പുകളെ ഉപയോഗിച്ച് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.