തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയായ റിട്ട. എ.എസ്.ഐ അബ്ദുൾ അസീസിന് പിന്നാലെ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകൾ പെരുകുന്നത് കേരളത്തിൽ ആശങ്കയ്ക്കിടയാക്കുന്നു. അബ്ദുൾ അസീസിന് പിന്നാലെ മാഹി സ്വദേശിയും പൊതുപ്രവർത്തകനുമായ മെഹറൂഫ്, കഴിഞ്ഞയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവരുടെയും ആരോഗ്യപ്രവർത്തകരുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്ന 25 ഓളം പേരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
സംസ്ഥാനത്ത് സമൂഹവ്യാപനത്തിന്റെ സാദ്ധ്യതകളെ സർക്കാർ തള്ളിക്കളയുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകൾ സമൂഹവ്യാപനത്തിനും മൂന്നാംഘട്ട രോഗവ്യാപനത്തിനും ഇടയാക്കുമോയെന്ന ആശങ്ക ആരോഗ്യപ്രവർത്തകർ പങ്കുവയ്ക്കുന്നു. സംസ്ഥാനത്ത് കോട്ടയം ജില്ലയെയാണ് ഉറവിടം കണ്ടെത്താനാകാത്ത മഹാമാരി ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്. അഞ്ചുപേരാണ് ഇത്തരത്തിൽ അവിടെ ചികിത്സയിലുള്ളത്.
ഇടുക്കി വണ്ടൻ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാർത്ഥികൾ, കോഴിക്കോട്ടെ വ്യക്തി, കൊല്ലത്തെ ആരോഗ്യ പ്രവർത്തക എന്നിവർക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്നും ഇനിയും വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളിൽ കുറച്ചാളുകളിൽ മാത്രം നടത്തിയ റാൻഡം പരിശോധനയിൽ കൊല്ലത്തും കോട്ടയത്തും ഓരോരുത്തർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഗൗരവതരമാണ്.
പോത്തൻകോട്ട് മരണപ്പെട്ട അബ്ദുൾ അസീസിന്റെ രോഗബാധയും ഇപ്പോഴും അജ്ഞാതമാണ്.. അബ്ദുൾ അസീസിന്റെ കുടുംബാംഗങ്ങളും പരിസരവാസികളും അടുത്ത് സഹകരിച്ചവരുമെല്ലാം നെഗറ്റീവായത് ആശ്വാസമായി. ഉറവിടം അജ്‍ഞാതമായ കേസുകളിൽ സാദ്ധ്യമായ വിവരങ്ങളുടെ സഹായത്തോടെ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. അതിനിടെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത പലകേസുകളും പോസിറ്റീവാകുന്നതും മറ്റൊരു ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.