1

പൂവാർ: പൂവിന് തോവാള മാർക്കറ്റ് എന്ന് പറയും പോലെയാണ് മരച്ചിനിക്ക് ചാണി മാർക്കറ്റ്. പലതരം മരച്ചിനി (കപ്പ) ഇനങ്ങളും ആടിനും പശുവിനുമൊക്കെ തീറ്റയായി നൽകുന്ന മരച്ചിനി കെണ്ടയും (ഇലയും തണ്ടും) ലഭ്യമാകുന്ന ഒരു ഹോൾസെയിൽ മാർക്കറ്റായി വളരുകയാണ് കാഞ്ഞിരംകുളത്തിനടുത്തെ ചാണി എന്ന പ്രദേശം. ലോക്ക് ഡൗൺ സമയത്തും വീട്ടാവശ്യത്തിനും ചില്ലറ വിൽപനയ്ക്കുമായി ചാണിയിൽ മരച്ചിനി വാങ്ങാനെത്തുന്നവർ നിരവധിയാണ്. വീടുകൾ കേന്ദ്രീകരിച്ചാണ് ഇവിടത്തെ കച്ചവടം. ഒരു കിലോമീറ്ററോളം വരുന്ന പ്രദേശത്തെ വീടുകൾ ഒരു 'മിനി കപ്പ ഗോഡൗണാ"ണ്. 20 വർഷത്തോളമായി ഇവിടെ കച്ചവടം നടത്തുന്നവരുമുണ്ട്. നാട്ടിൻ പുറങ്ങളിൽ മരച്ചിനിക്ക് ഇപ്പോഴും പ്രിയം കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ചാണി ഹോൾസെയിൽ മാർക്കറ്റിലെ തിരക്ക്. നാടൻ ഇനങ്ങളായ നൂറുമുട്ടൻ, വെള്ളപിരിയൻ, കറുത്തകലിയൻ, കൊണ്ട ചുവപ്പൻ, കായൽച്ചാടി, ആമ്പക്കാടൻ, ആന കൊമ്പൻ, മലയൻ, ചെങ്കോമ്പൻ, നെടുവങ്ങാടൻ, കരിം മറവൻ, നെടുവാളിക്കൻ തുടങ്ങിയവ ഇപ്പോൾ ലഭിക്കുന്നില്ല. പകരം തമിഴ്നാട്ടിൽ നിന്നുമെത്തുന്ന കരിയില പൊരിയൻ, കുങ്കുമ ചുവപ്പൻ തുടങ്ങിയ ഇനങ്ങളാണ് നാട്ടിലെ താരം. കാലികളുടെ ആഹാരമായി ഉപയോഗിക്കുന്ന കപ്പയുടെ ഇലയും തണ്ടും വലിയതോതിൽ വാങ്ങാനായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. കൊവിഡ് 19 നും ലോക്ക് ഡൗണുമൊക്കെ ആണെങ്കിലും മരച്ചീനി വിലയിൽ മാറ്റമില്ലാതെ ലഭിക്കുന്നത് ആശ്വാസകരമാണെന്ന് നാട്ടുകാർ പറയുന്നു.

കപ്പയും മീനും മലയാളിക്ക് ഹരം

കപ്പയ്ക്ക് ചേരുന്ന കറികളാണ് നാട്ടിൽ പുറങ്ങളിലെ ഹോട്ടലുകളിലെ പ്രധാന വിഭവം. കപ്പയും മീനും, കപ്പയും ഇറച്ചിയും തുടങ്ങി കോമ്പിനേഷനുകൾ നിരവധി. കാഞ്ഞിരംകുളത്തെയും പൂവാർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലെയും കമ്മ്യൂണിറ്റി കിച്ചണിലും കപ്പ തന്നെയായിരുന്നു താരമെന്ന് ജനപ്രതിനിധികൾ പറയുന്നു. തീരദേശത്തു നിന്നും മത്സ്യവിപണനത്തിനെത്തുന്നവർ തിരികെ പോകുന്നത് ചാണിയിൽ നിന്നും കപ്പയും വാങ്ങിയാണ്.