തിരുവനന്തപുരം: കാസർകോടും കണ്ണൂരും കൊവിഡ് രോഗബാധിതരുടെയും ക്വാറന്റീനിലുള്ളവരുടെയും വിവരങ്ങൾ ചോർന്നത് ആശങ്കാജനകമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രോഗികളുടേയും സമ്പർക്ക പട്ടികയിലുള്ളവരുടേയും വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് പുറത്തുവരുന്നത്. ആരോഗ്യവകുപ്പ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തയ്യാറാക്കിയ സോഫ്റ്റ് വെയറിൽ നിന്നാണ് വിവരങ്ങൾ പുറത്തായത്. വിഷയത്തെ സർക്കാർ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്നതിന് തെളിവാണ് വിവരങ്ങൾ പുറത്ത് പോയതിൽ അത്ഭുതപ്പെടാനില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരിൽ നിന്ന് തന്നെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.