തിരുവനന്തപുരം: ലോക്ക് ഡൗണിൽ വീടുകളിൽ കഴിയുന്നവർക്ക് കൃഷിയൊരുക്കാൻ നഗരസഭ നൽകുന്ന വിത്തിന്റെയും വളത്തിന്റെയും വിതരണോദ്ഘാടനം മേയർ കെ. ശ്രീകുമാർ കവി വി. മധുസൂദനൻ നായർക്ക് നൽകി നിർവഹിച്ചു. കാമ്പെയിനിന്റെ ഭാഗമായി നഗരസഭയുടെ സ്വച്ഛ് അംബാസഡർ കൂടിയായ മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്, സിനിമാതാരങ്ങളായ സുധീർ കരമന, രാജ് കലേഷ്, നന്ദു എന്നിവരുടെ വീടുകളിൽ മേയർ നേരിട്ട് വിത്തും വളവുമെത്തിച്ചു. 100 വാർഡുകളിലായി 20,​000 കിറ്റുകൾ നഗരസഭ വിതരണം ചെയ്യും. കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി. നഗരസഭയുടെ എയറോബിക് ബിന്നുകൾ, കിച്ചൺ ബിന്നുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന കമ്പോസ്റ്റും, വെച്ചൂർ പശുവിൻ ചാണകവും സംയോജിപ്പിച്ചാണ് വളം നിർമ്മാണം. വിത്തും, വളവും ആവശ്യമുള്ളവർ അതത് വാർഡ് കൗൺസിലറെ ബന്ധപ്പെടണം. വിത്തും വളവും ഹെൽത്ത് സർക്കിൾ ഓഫീസുകൾ വഴി വിതരണം ചെയ്യും. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, വഞ്ചിയൂർ പി. ബാബു, കൗൺസിലർമാരായ ഗീതാഗോപാൽ, സ്റ്റെഫി ജോർജ്ജ്, സെക്രട്ടറി എൽ.എസ്. ദീപ, കൃഷി ഓഫീസർമാരായ ജോസഫ് ടി.എം, ഷിനു.വി.എസ് എന്നിവർ പങ്കെടുത്തു.